തിരുവനന്തപുരം : ആർക്ക് വേണമെങ്കിലും ഇവിടെ വന്ന് താമസിക്കാനും , എന്തു തോന്ന്യാസവും കാണിക്കാനും പറ്റുന്ന നിലയാണുള്ളതെന്ന് മന്ത്രി വി . ശിവൻ കുട്ടി . കേരളത്തിലേക്ക് എത്തുന്നവർക്ക് അതിഥികൾ എന്ന നിലയിൽ നൽകുന്ന പരിഗണന ദൗർബല്യമായി കാണരുത്. സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കായി പുതിയ നിയമം കൊണ്ടുവരുമെന്നും വി . ശിവൻ കുട്ടി പറഞ്ഞു .
‘കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് 1979ലെ കേന്ദ്ര നിയമമുണ്ട്. അതിൽ ഒട്ടേറെ കാര്യങ്ങൾ പറയുന്നുണ്ട്. അത് പൂർണമായും നാം നടപ്പിലാക്കിയിട്ടില്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാർക്ക് ലൈസൻസ് വേണമെന്ന് അതിൽ നിഷ്കർഷിക്കുന്നുണ്ട്. അതുപോലെ ഒരുപാട് കാര്യങ്ങളുണ്ട്. ഇപ്പോൾ ഇവിടെ സംഭവിക്കുന്നത് എന്താണ്? ആർക്കു വേണമെങ്കിലും ഇവിടെ വന്നിറങ്ങാം, ഇവിടെ താമസിക്കാം, ജോലി ചെയ്യാം, എന്തു തോന്ന്യാസവും കാണിക്കാം, എന്നിട്ടു പുറത്തുപോകാം.’ – മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽത്തന്നെ തൊഴിലാളികൾക്ക് നല്ല ശമ്പളം ലഭിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അതിഥി തൊഴിലാളികളെന്ന നിലയിൽ കേരളത്തിലെ തൊഴിലാളികൾക്കു നൽകുന്ന എല്ലാ പരിഗണനയും നാം അവർക്കും കൊടുക്കുന്നുണ്ട്.
‘‘മറ്റൊരു സംസ്ഥാനത്തും നൽകാത്ത നിലയിലുള്ള നല്ല പരിഗണന കേരളം അതിഥി തൊഴിലാളികൾക്കു നൽകുന്നുണ്ട്. അത് കേരളത്തിന്റെ സംസ്കാരമാണ്. ദിവസം 1000 രൂപ വരെയാണ് അതിഥി തൊഴിലാളികളുടെ ശമ്പളം. കഴിഞ്ഞ ദിവസം ഹരിയാനയിൽ നിന്നുള്ള തൊഴിൽ മന്ത്രി കേരളത്തിൽ വന്നിരുന്നു. ഒരാളുടെ ദിവസ വേതനം അവിടെ എത്രയാണെന്ന് ഞാൻ ചോദിച്ചിരുന്നു. 350 രൂപയാണ് ആകെ കിട്ടുന്നതെന്നാണ് പറഞ്ഞത്.“ ശിവൻ കുട്ടി പറഞ്ഞു
Comments