ചെന്നൈ: തമിഴ്‌നാട്ടിൽ 16 വർഷത്തിനിടെ കടുവകളുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധനവെന്ന് കണക്കുകൾ. 2006-ലെ കണക്കുകൾ പ്രകാരം ഇവിടെ വെറും 76 കടുവകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സംസ്ഥാനത്ത് 306 കടുവകളാണ് ഉള്ളത്. അന്താരാഷ്‌ട്ര കടുവാ ദിനമായ ജൂലൈ 29-ന് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും വെൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്നാണ് കണക്കുകൾ പുറത്തു വിട്ടത്. 2018-ൽ പുറത്തുവിട്ട സെൻസസിൽ തമിഴ്‌നാട്ടിലെ കടുവകളുടെ എണ്ണം 264 ആയിരുന്നു.
ആനമലൈ ടൈഗർ റിസർവ്, കളക്കാട്-മുണ്ടൻതുറൈ ടൈഗർ റിസർവ്, മുതുമലൈ ടൈഗർ റിസർവ്, ശ്രീവിലിപുത്തൂർ മേഘമലൈ ടൈഗർ റിസർവ്, സത്യമംഗലം ടൈഗർ റിസർവ് തുടങ്ങി അഞ്ച് കടുവ സങ്കേതങ്ങളാണ് തമിഴ്‌നാട്ടിൽ ഉള്ളത്. ഇതിൽ മുതുമലൈ കടുവ സങ്കേതത്തിലാണ് ഏറ്റവും അധികം കടുവകൾ ഉള്ളത്. ഇതിന് പുറമേ ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം കടുവകളുള്ളത് കർണാടകയിലാണ്.
2018-ൽ പുറത്തുവിട്ട കണക്കുക്കൾ അനുസരിച്ച് കർണാടകയിലെ കടുവകളുടെ എണ്ണം 524 ആയിരുന്നു. കർണാടക കഴിഞ്ഞാൽ ഏറ്റവും അധികം കടുവകൾ ഉള്ളത് തമിഴ്‌നാട്ടിലാണ്. 2022-ൽ പുറത്ത് വിട്ട സെൻസസ് പ്രകാരം കേരളത്തിലെ കടുവകളുടെ എണ്ണം 213 ആണ്. 2018-ലെ കണക്കുകൾ അനുസരിച്ച് കേരളത്തിൽ 190 കടുവകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പശ്ചിമഘട്ടത്തിലെ കടുവകളുടെ എണ്ണം 1,087 ആയിരുന്നു.















