ഇസ്ലാമാബാദ്; പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസല്‍ ( ജെ.യു.ഐ – എഫ് ) പാര്‍ട്ടിയുടെ സമ്മേളനത്തിനിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 23 കുട്ടികളടക്കംഇതുവരെ 54പേര്‍ മരിച്ചു. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.
12 കിലോയോളം സ്‌ഫോടന വസ്തുക്കൾ പൊട്ടിത്തെറിക്ക് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.പാർട്ടിയുടെ പ്രാദേശിക നേതാവായ മൗലാന സിയാവുള്ളയും പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടിരുന്നു.എന്നാൽ ഇതിനിടെ ചാവേർ ആക്രമണത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യം പുറത്തെത്തി. പൊട്ടിത്തെറി നടന്ന പ്രദേശത്ത് സൈന്യത്തെയും അർദ്ധ സൈനിക വിഭാങ്ങളെയും വിന്യസിച്ചു.
സർക്കാരിന്റെയും മുന്നണിയുടെയും ഇടനനിലക്കാരനായ മൗലാന ഫസ്ലൂർ റഹ്മാൻ പ്രസംഗിക്കാനിരിക്കെയാണ് സ്‌ഫോടനം അരങ്ങേറിയത്. 2011ലും 2014ലിലും രാഷ്‌ട്രീയ റാലിയിലുണ്ടായ പൊട്ടിത്തെറിയിൽ ഇയാൾ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.
ഖൈബർ പഖ്തൂൺ ക്വ പ്രവിശ്യയിൽ ബജൗർ ജില്ലയിലെ ഖറിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. നാന്നൂറോളം പ്രവർത്തകർ ഉണ്ടായിരുന്നു. ഒരു നേതാവ് വേദിയിൽ പ്രസംഗിക്കവെ ചാവേർ ഭീകരൻ പൊട്ടിത്തെറിക്കുകയായിരുന്നു.അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തൂൺ ഖ്വ പ്രവിശ്യയിൽ സ്ഫോടനങ്ങൾ പതിവാണ്.
Comments