തിരുവനന്തപുരം: ജനതാദൾ നിർണായക നേതൃ യോഗം ഇന്ന് നടക്കും. തിരുവല്ലയിൽ എംവി ശ്രേയാംസ് കുമാറിന്റെ മണ്ഡലത്തിലാണ് യോഗം ചേരുന്നത്. സംസ്ഥാന ഭാരവാഹികളും ദേശീയ നിർവാഹക സമിതി അംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കും. ജനതാദൾ ദേശീയ പ്രസിഡന്റ് ദേവഗൗഡയും മകൻ കുമാര സ്വാമിയും ദേശിയ തലത്തിൽ എൻഡിഎയുടെ ഭാഗമാകുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കിടയിലാണ് യോഗം നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ മികവാണ് ദേശീയ നേതൃത്വത്തെ എൻഡിഎയിലേക്ക് അടുപ്പിക്കുന്നതെന്നും അതുകൊണ്ട് തന്നെ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകില്ലെന്നും ദേവഗൗഡ നേരത്തെ അറിയിച്ചിരുന്നു. കേരളത്തിൽ ഇടത് മുന്നണിയുടെ ഭാഗമായ ജെഡിഎസ് സമ്മർദ്ദത്തിലാണ്. മന്ത്രി സ്ഥാനത്തുള്ള കെ കൃഷണൻ കുട്ടിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും എൽഡിഎഫിൽ തുടരണമെന്ന നിലപാടാണ് വ്യക്തമാക്കുന്നതെങ്കിലും ദേശീയ നേതൃത്വത്തിന്റെ ഒപ്പം നിൽക്കണമെന്ന എതിരഭിപ്രായവും പാർട്ടിയിൽ ശക്തമാണ്.
മന്ത്രി സ്ഥാനവും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും അധികാരവും വിട്ടുകളിക്കാൻ ഒരു വിഭാഗം തയാറാകാത്തതാണ് അഭിപ്രായ ഭിന്നതയ്ക്ക് കാരണം. ഇതിനിടെ എൽജെഡിയുമായി ലയിക്കണമെന്ന എംവി ശ്രേയാംസ് കുമാറിന്റെ ആവശ്യവും കുറച്ച് നാളുകളായി പാർട്ടിയിൽ ഉയരുന്നുണ്ട്. ആഭ്യന്തര തർക്കം രൂക്ഷമായതോടെയാണ് നേതൃയോഗം ചേരാൻ തീരുമാനമായത്.
Comments