കേരള സംസ്ഥാന അവാർഡ് ജൂറി അംഗം നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തലിനെ തള്ളി ചെയർമാൻ രഞ്ജിത്തിനെ ന്യായീകരിച്ച മന്ത്രി സജി ചെറിയാനെതിരെ തുറന്നടിച്ച് സംവിധായകൻ വിനയൻ. ചെയർമാൻ ഇടപെടൽ നടത്തിയിട്ടില്ലെന്ന് പറയാൻ മന്ത്രിയോട് അല്ലല്ലോ ചോദ്യം ഉന്നയിച്ചതെന്നും വിനയൻ ആഞ്ഞടിച്ചു.
അവാർഡ് നിർണയത്തിന്റെ പ്രൊജക്ഷൻ നടക്കുമ്പോഴും മറ്റ് ചർച്ചകൾ നടക്കുമ്പോഴും മന്ത്രി ഒപ്പം കാണില്ലല്ലോ. പിന്നെ എങ്ങനെയാണ് മന്ത്രിയ്‌ക്ക് നിസംശയം രഞ്ജിത്തിനെ ന്യായീകരിക്കാൻ കഴിയുന്നത്. അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നതല്ല പ്രശ്‌നമെന്നും മറിച്ച് അവാർഡ് നിർണയത്തിൽ സർക്കാരിന്റെ പ്രതിനിധിയായ അക്കാദമി ചെയർമാൻ ഇടപെട്ടിട്ടുണ്ടോയെന്നതാണ് വിഷയമെന്നും വിനയൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. രഞ്ജിത്തിന്റെ ഇടപെടലിനെ കുറിച്ച് ജൂറി അംഗമായ ജിൻസി ഗ്രിഗറിയും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ജൂറി മെമ്പർമാരോട് സംസാരിച്ച രഞ്ജിത്തോ അത് കേട്ട ജൂറി മെമ്പർമാരോ അല്ലേ ചെയർമാന്റെ ഇടപെടലിനെ കുറിച്ച് പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
വിശദമായി അന്വേഷിച്ചതിന് ശേഷം മാത്രമായിരുന്നു ക്ലീൻ ചിറ്റ് കൊടുക്കേണ്ടിയിരുന്നത്. നേമം പുഷ്പരാജിന്റെ ആരോപണങ്ങളെ തള്ളി കളഞ്ഞുകൊണ്ടാണ് രഞ്ജിത്ത് മറുപടി നൽകുകയെങ്കിൽ അതിനുള്ള മറുപടിയുമായി പുഷ്പരാജ് എത്തുമെന്നും അതിന് പിന്നാലെ മാത്രമാണ് താൻ പോകേണ്ടതൊള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതിന് മുൻപ് മന്ത്രി മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ മാദ്ധ്യമങ്ങൾ മുൻപിലെത്തിയിരുന്നു. ലോകത്തിലെ തന്നെ പ്രശസ്തരായവരാണ് ജൂറിയിലുണ്ടായിരുന്നത്. അവാർഡ് അർഹതപ്പെട്ടവർക്ക് തന്നെയാണ് ലഭിച്ചത്. ഇതിൽ രഞ്ജിത്തിന് യാതൊരുവിധ റോളുമില്ല, കാരണം അദ്ദേഹം ജൂറിയിലെ അംഗമല്ല. ജൂറിയിലെ ആരുമായും സംസാരിക്കാൻ കഴിയില്ല. ചലച്ചിത്രരംഗത്തെ കേരളം കണ്ട ഏറ്റവും മാന്യനായ ഇതിഹാസമാണ് അദ്ദേഹം. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഈ വർഷങ്ങളിൽ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിയെന്നതിൽ അഭിനന്ദിക്കുകയാണ് വേണ്ടത്. മാറ്റുരച്ച് ഏറ്റവും നല്ല തങ്കം കണ്ടെത്തിയാണ് അവാർഡ് നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.
Comments