ന്യൂഡൽഹി: ഡാർക്ക്‌നെറ്റ് വഴി മയക്കുമരുന്ന് വ്യാപാരം നടത്തിവന്ന രണ്ട് അന്താരാഷ്ട്ര മയക്കുമരുന്ന് കുറ്റകൃത്യ സംഘടനകളെ തകർത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). സംഭവത്തിൽ 22 പേരെ അറസ്റ്റ് ചെയ്തു. 29,103 മാരകമായ മയക്കുമരുന്ന് ശേഖരവും ഇവരിൽ നിന്നും എൻസിബി കണ്ടെടുത്തു.
കഴിഞ്ഞ 3 മാസങ്ങളിലെ ശക്തമായ അന്വേഷണത്തിന് പിന്നാലെയാണ് വമ്പൻ മയക്കുമരുന്ന് റാക്കറ്റുകളെ എൻസിബി വലയിൽ വീഴ്‌ത്തിയത്. മയക്കുമരുന്നിന് എതിരായുള്ള ഈ വലിയ വിജയത്തിന് എൻസിബിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. ഇത് സംബന്ധിച്ച് ഒരു ട്വീറ്റും അദ്ദേഹം പങ്കുവെച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ “ലഹരി വിമുക്ത ഭാരതം” എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള യാത്രയിലാണ് ഈ വലിയ വിജയം കൈവരിച്ചത്. ഇത് മയക്കുമരുന്നിനെതിരെ പോരാടുന്ന എല്ലാ ഏജൻസികളുടെയും മനോവീര്യം വർദ്ധിപ്പിക്കും. മയക്കുമരുന്നുക്കടത്തുകാർ എന്ത് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാലും നമ്മുടെ ഏജൻസികളുടെ പിടിയിൽ നിന്ന് അവർക്ക് ഒരിക്കലും രക്ഷപ്പെടാനാവില്ല എന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
Comments