തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് വീണ്ടും അപകടം. 20 പേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം. 16 പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വർക്കല സ്വദേശികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മറൈൻ എൻഫോസ്‌മെന്റിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഹാർബർ നിർമ്മാണത്തിലുണ്ടായ അപാകത പരിഹരിക്കുക, പാറക്കെട്ടുകൾക്കിടിയിെല മണ്ണ് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാരും അദാനിഗ്രൂപ്പും തമ്മിൽ ധാരണയിലെത്തിയിരുന്നു. തുടർന്ന് പാറക്കെട്ടുകൾക്കിടയിലെ മണ്ണ് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതിനിടെയാണ് വീണ്ടും അപകടം. സർക്കാരിന്റെ മെല്ലെപ്പോക്കാണ് തുടരെയുള്ള അപകടങ്ങൾക്ക് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
അപകടം ഒഴിവാക്കാൻ കടലിൽ പോകരുതെന്ന നടപടിയാണ് സർക്കാരും ഫിഷറീസ് വകുപ്പും നിർദ്ദേശിച്ചിരുന്നത്. എന്നാൽ ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും ശക്തമായി ഈ തീരുമാനം എതിർത്തിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ സർക്കാർ തീരുമാനം പിൻവലിച്ചു. മത്സ്യബന്ധനം നടത്തി തിരിച്ചുവരാനുള്ള മാർഗം ഇല്ലെന്നാണ് പൊതുവായി മത്സ്യതൊഴിലാളികൾ കാലങ്ങളായി ഉന്നയിക്കുന്ന പരാതി. എന്നാൽ അതിനെതിരെ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല എന്നതാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം.
Comments