ഇന്ത്യയിൽ ചുവടുറപ്പിക്കാൻ നീക്കവുമായി ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്ല. മഹാരാഷ്ട്രയിലെ പൂനെയിലെ പഞ്ച്ഷിൽ ബിസിനസ് പാർക്കിലെ ഓഫീസ് സ്ഥലം ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് പാട്ടത്തിനെടുത്തു. പ്രധാനമന്ത്രിയും ഇലോൺ മസ്കും തമ്മിൽ കൂടിക്കാഴ്ച നടത്തി മാസങ്ങൾക്ക് ശേഷമാണ് സുപ്രധാന പ്രഖ്യാപനവുമായി ടെസ്ല രംഗത്തെത്തിയത്. ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിന്റെ പ്രധാന ചുവടുവെയ്പ്പാകുമിതെന്ന കാര്യത്തിൽ സംശമില്ല.
5,850 ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസിന് 11.65 ലക്ഷം രൂപയാണ് പ്രതിമാസ വാടക നിശ്ചയിച്ചിട്ടുള്ളത്. പാട്ടകാലാവധിയുടെ മൊത്തം വാടക 7.72 കോടി രൂപയുമാണ്. ജൂലൈ 26-നാണ് ഇതുമായി ബന്ധപ്പെട്ട കരാർ രജിസ്റ്റർ ചെയ്തത്. ഓഫീസ് ഒക്ടോബർ ഒന്നിന് പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.
പ്രതിവർഷം 500,000 ഇലക്ട്രിക് കാറുകൾ വരെ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. ഇന്ത്യൻ വാഹന വിപണിയ്ക്ക് അനുയോജ്യമായ തരത്തിലാകും നിർമ്മാണം. 20 ലക്ഷം രൂപയിൽ നിന്നാകും വില ആരംഭിക്കുക. കാർ നിർമാണ ഫാക്ടറി തുടങ്ങുന്നതിന് മുന്നോടിയായി കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി അധികൃതർ ചർച്ച നടത്തിയിരുന്നു. ഇന്ത്യയുടെ വളർന്നുവരുന്ന ഇവി വിപണിയെ ഗണ്യമായി ഉയർത്തുന്നതാകും ടെസ്ലയുടെ വരവ്.
Comments