രജനികാന്ത് ആരാധകരും മോഹൻലാൽ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും ടീസറും ഗാനങ്ങളും തരംഗങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ, ജയിലറിന്റെ ആദ്യ റിവ്യൂ പുറത്തു വന്നിരിക്കുകയാണ്. മറ്റാരുമല്ല ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ട്വിറ്ററിലൂടെ സിനിമയുടെ ആദ്യ റിവ്യൂ പങ്കുവെച്ചിരിക്കുന്നത്.
Jailer 💥💥💥🏆🏆🏆🙌🙌🙌
— Anirudh Ravichander (@anirudhofficial) August 4, 2023
വാക്കുകളിലൂടെയല്ല ഇമോജികളിലൂടെയാണ് സിനിമ മാസ്സ് ആണെന്ന് അനിരുദ്ധ് വെളിപ്പെടുത്തിയിരിക്കുന്നത്. ജയിലര്‍ എന്ന സിനിമയുടെ പേരിനുശേഷം മൂന്ന് തരം ഇമോജികളാണ് ഗായകൻ പങ്കുവെച്ചിരിക്കുന്നത്. വെടിക്കെട്ടിനെ സൂചിപ്പിക്കുന്നത്, ട്രോഫി, കയ്യടി എന്നിങ്ങനെയാണ് ഇമോജികള്‍. ജയിലറിന്‍റെ ആദ്യ റിവ്യൂ എന്ന രീതിയിൽ അനിരുദ്ധിന്റെ ട്വീറ്റ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിക്രം എന്ന ചിത്രത്തിന് ശേഷം അനിരുദ്ധ് വലിയ പബ്ലിസിറ്റി കൊടുക്കുന്ന ചിത്രമാണ് ജയിലറെന്നാണ് ഉയരുന്ന അഭിപ്രായങ്ങൾ. ഇത് വലിയ പ്രതീക്ഷയാണ് പകരുന്നതെന്നും ആരാധകര്‍ പറയുന്നു.
The First Review of #Jailer https://t.co/pnJwI2xY3N
— JAILER (@Jailer_Movie) August 4, 2023
സംവിധായകൻ നെൽസണിന്റെ ഉഗ്രൻ തിരിച്ചുവരവാകും ചിത്രമെന്നാണ് സൂചന. ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിൽ എത്തും. പേര് സൂചിപ്പിക്കുന്നതുപോലെ ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം മോഹൻലാലും ശിവരാജ്കുമാറും ഒന്നിക്കുന്നു എന്നതാണ് ജയിലറിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശം നൽകുന്നത്. മൂവരും ഒന്നിക്കുന്ന രംഗങ്ങൾ തിയറ്ററിനെ ഇളക്കി മറിക്കുമെന്ന് ഉറപ്പ്. ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണന്‍, തമന്ന, വിനായകൻ എന്നിങ്ങനെ വലിയ താരനിര തന്നെ ജയിലറിൽ അണിനിരക്കുന്നുണ്ട്. സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം.
















Comments