ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ടിവിഎസ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായി 2020-ൽ വിപണിയിലെത്തിയ മോഡലായിരുന്നു ഐക്യൂബ്. ഇപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന വിൽപ്പനയുള്ള രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമാണിത്. വിപണിയിലെത്തി 43 മാസം കൊണ്ട് ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്.
2020-ൽ പുറത്തിറക്കിയ ഇവി ആദ്യ ഒരു ലക്ഷം യൂണിറ്റ് വിറ്റഴിയാനായി രണ്ട് വർഷമെടുത്തെങ്കിലും 1.5 ലക്ഷം യൂണിറ്റ് വിൽക്കാനെടുത്തത് വെറും 18 മാസം മാത്രമാണ്. വാഹനത്തിന് ലഭിച്ച ജനപ്രീതി ഈ കണക്കുകൾ വ്യക്തമാക്കുന്നു. അപ്ഡേഷനിൽ മികച്ച റേഞ്ചും പുതിയ ഫീച്ചറുകളും മികച്ച രൂപകൽപ്പനയും ലഭിച്ചതോടെ ഉപഭോക്താക്കൾക്ക് ഐക്യൂബിനോടുള്ള ഇഷ്ടം വർദ്ധിക്കുകയായിരുന്നു. ജൂപ്പിർ എന്ന ആസ്പിരേറ്റഡ് എൻജിൻ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ഇലക്ട്രിക് വാഹനമായതിനാൽ തന്നെ നിർമ്മാണ നിലവാരത്തിൽ മറ്റ് ഇവികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ഐക്യൂബ്.
ഇന്ത്യക്കാർക്ക് ബ്രാൻഡിനോടുള്ള വിശ്വാസം കൂടിവരുകയാണ്. സ്റ്റാൻഡേർഡ്, എസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഐക്യൂബ് ലഭ്യമാകുന്നു. 7 ഇഞ്ച് ടിഎഫ്ടി ടച്ച് സ്ക്രീൻ, മ്യൂസിക് പ്ലെയർ കൺട്രോൾ, അലക്സ വോയ്സ് അസിസ്റ്റ്, ഒന്നിലേറെ ബ്ലൂടൂത്ത് കണക്ഷനുകൾ തുടങ്ങി ഒട്ടേറെ സവിശേഷതകളാണ് വാഹനത്തിലുള്ളത്. ഫുൾ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് നൽകുന്ന ഒരു ഇലക്ട്രിക് സ്കൂട്ടർ കൂടിയാണ് ഐക്യൂബ്. മണിക്കൂറിൽ 78 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. സ്റ്റാൻഡേർഡിന് 1.23 ലക്ഷവും എസ് വേരിയന്റിന് 1.38 ലക്ഷവുമാണ് വില.
Comments