മലയാള സിനിമയുടെ സ്വന്തം മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടെ വാലിബൻ’ എന്ന സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. മോഹൻലാൽ ആരാധകരെയും സിനിമാ പ്രേമികളെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും മലൈക്കോട്ടെ വാലിബൻ എന്നാണ് റിപ്പോർട്ടുകൾ. ഗുസ്തിക്കാരനായാണ് മോഹൻലാൽ എത്തുക. രാജസ്ഥാനിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം നടന്നത്. അതിനാൽ തന്നെ മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു ദൃശ്യാനുഭവം സിനിമ നൽകുമെന്ന് ഉറപ്പ്.
ഇപ്പോഴിതാ, പ്രേക്ഷകരെ പോലെ തന്നെ തങ്ങളും വലിയ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കി കാണുന്നതെന്ന് പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ. ‘ഞങ്ങൾ വലിയ പ്രതീക്ഷയിലാണ്. വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് മലൈക്കോട്ടെ വാലിബൻ. അതിനെ ട്രീറ്റ് ചെയ്‌തേക്കുന്ന രീതി അത്തരത്തിലാണ്. വെസ്‌റ്റേൺ ഫിലിം എന്ന തരത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്. അതിനൊരു കാലദേശങ്ങളൊന്നും ഇല്ലാത്ത കഥയാണ്. അതിന്റെ മ്യൂസിക്കും അതിന് ഉപയോഗിച്ചിരിക്കുന്ന കളർ പാറ്റേൺസും അതിന്റെ ആക്ഷൻസുമെല്ലാം വ്യത്യസ്തമാണ്. ഒരുപക്ഷെ, മലയാള സിനിമയിൽ ആദ്യമായി കാണുന്ന തരത്തിലായിരിക്കും പ്രകടനങ്ങൾ. വലിയ ക്യാൻവാസിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിജോ നല്ല ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. മാസ്സായും സീരിയസ് ഫിലിമായുമെല്ലാം മലൈക്കോട്ടെ വാലിബാനെ കാണാം. അതെല്ലാം കാഴ്ചക്കാരുടെ മനസ്സ് പോലെയാണ്’- മോഹൻലാൽ പറഞ്ഞു.
ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവും, മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ മറ്റു പ്രധാന ഭാഷകളിലും റിലീസാകും. തിരക്കഥ- പിഎസ് റഫീക്ക്, ഛായാഗ്രഹണം- മധു നീലകണ്ഠൻ, സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റിംഗ്- ദീപു ജോസഫ്.
Comments