രാമായണത്തിലെ ഏറ്റവും പ്രധാന സംഭവം സീതാപഹരണം തന്നെ. രാമലക്ഷ്മണന്മാരെ സീതയിൽ നിന്നും അകറ്റിയ ശേഷം ഭിക്ഷു വേഷം ധരിച്ച് രാവണൻ രംഗ പ്രവേശം ചെയ്യുന്നു. യാതൊരു സംശയവും കൂടാതെ സീത ഭിക്ഷുവിനെ സ്വീകരിക്കുന്നു. സീതയുടെ സൗന്ദര്യത്തെ വാഴ്‌ത്തിക്കൊണ്ട് രാവണൻ താനാരാണെന്നും മറ്റും വെളിപ്പെടുത്തുന്നു. ഭയചകിതയായ സീത അപ്പോഴാണ് തനിക്കു പറ്റിയ തെറ്റു മനസ്സിലാക്കുന്നതെങ്കിലും അണുവിട മനസ്സിളകാതെ താൻ അയോദ്ധ്യാധിപതിയായ ദശരഥ പുത്രന്റെ ഭാര്യയാണെന്നും രാവണന്റെ നാശകാലമടുത്തിരിക്കുന്നുവെന്നും പറയാനുള്ള വിപധി ധൈര്യം കാട്ടുന്നു.
ക്ഷുഭിതനായ രാവണൻ കപടവേഷം വെടിഞ്ഞ് സ്വന്തം രൂപം ധരിച്ച് സീതയെ കടന്നു പിടിക്കുന്നു. ഒരു കൈ കൊണ്ട് മുടിയിലും മറ്റേക്കൈകൊണ്ട് സീതയുടെ തുടയിലും പിടിച്ച് പുഷ്പം പോലെ എടുത്ത് പുഷ്പകവിമാനത്തിലേറ്റുന്നതായി മൂല രാമായണത്തിൽ പറയുന്നു. (രാവണാഗമനത്തിനു മുമ്പ് രാമൻ സീതയെ മാറ്റി മായാസീതയെ വയ്‌ക്കുന്നതും കൈ കൊണ്ട് തൊടാതെ രാവണൻ ഭൂമിയോട് ചേർത്ത് പൊക്കിയെടുക്കുന്നതുമൊക്കെ അദ്ധ്യാത്മരാമായണത്തിൽ എഴുത്തച്ഛൻ എഴുതിയത് അദ്ദേഹത്തിന്റെ രചനാവൈഭവമാണ്.)
സീതയുമായി പറന്നുയരുന്ന പുഷ്പകവിമാനത്തെ ജടായു എന്ന പക്ഷി തടയുന്നതും യുദ്ധം ചെയ്യുന്നതും ചന്ദ്രഹാസത്താൽ പക്ഷിയുടെ ചിറകരിയുന്നതുമൊക്കെ മൂല രാമായണത്തിലും കാണാവുന്നതാണ്. രാമ ലക്ഷ്മണന്മാരെ വിളിച്ച് അലമുറയിടുന്ന സീത യാത്രയ്‌ക്കിടയിൽ അദ്രിഋംഗത്തിലിരിക്കുന്ന വാനര ശ്രേഷ്ഠന്മാരെ കാണുന്നതും രാവണനുമായിട്ടുള്ള പിടിവലിയ്‌ക്കിടയിൽ നഷ്ടപ്പെട്ട ആഭരണങ്ങളിൽ അവശേഷിക്കുന്ന ചിലവ ഉത്തരീയാർദ്ധത്തിൽ പൊതിഞ്ഞ് താഴേക്കിടന്നതുമൊക്കെ കഥാഗതിയെ മുമ്പോട്ടു നയിക്കാൻ ആദികവി കാട്ടുന്ന മികവിന്റെ ഉത്തമ ഉദാഹരണമാണ്. വാർത്താവിനിമയ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് സീതാന്വേഷണം സാദ്ധ്യമാക്കിയതും ഇത്തരം അടയാളങ്ങളായിരുന്നു.
മായപൊന്മാനായി വന്ന മാരീചനെ വധിച്ച ശേഷം മടങ്ങുന്ന രാമന് സീതയെപ്പറ്റിത്തന്നെയാണ് ആശങ്കയുള്ളത്. ലക്ഷണങ്ങളിൽ നിന്നും സീതക്കെന്തോ അപകടമുണ്ടായതായി സംശയിക്കുന്ന രാമൻ ലക്ഷ്മണനടുത്തുണ്ടല്ലോ എന്ന് സമാധാനിച്ചു. പക്ഷേ തന്നെ അന്വേഷിച്ചു വരുന്ന ലക്ഷ്മണനെ കണ്ടതോടെ ആധി വർദ്ധിക്കുകയും സീതയെ ഉപേക്ഷിച്ചു വന്ന സഹോദരനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. സീതയുടെ പെരുമാറ്റവും വാക്കുകളും എന്തൊക്കെയായിരുന്നുവെന്ന് പറഞ്ഞിട്ടും രാമന് തൃപ്തിയാകുന്നില്ല. (എന്തിനും ഏതിനും കുറ്റപ്പെടുത്തൽ കിട്ടുന്ന ലക്ഷ്മണനായിട്ടും പരിഭവമില്ലാത്ത ഭ്രാതൃസ്നേഹത്തിന്റെ പര്യായമാണദ്ദേഹം) ക്രോധമുണ്ടായാൽ സ്ത്രീ എന്തും പറയുമെന്നും വിജ്ഞന്മാർ അതു കേട്ട് ചഞ്ചലചിത്തരാകരുതെന്നുമാണ് രാമനിലൂടെ ആദികവി പറയുന്നത്. മനുഷ്യമനസ്സിനെ കൃത്യമായി പഠിച്ച ഒരാളാണ് വാൽമീകിയെന്നു വെളിപ്പെടുത്തുന്ന ഇത്തരം നിരവധി സന്ദർഭങ്ങൾ രാമായണത്തിലുടനീളം കാണാനാകും.
ആശ്രമത്തിലെത്തി സീതയെക്കാണാതെ അങ്ങുമിങ്ങും തിരയുകയും ലക്ഷ്മണനെ മാത്രമല്ല ദേവന്മാരെപ്പോലും കുറ്റപ്പെടുത്തി ഭ്രാന്തനെപ്പോലെ പെരുമാറുന്ന രാമനെ വരച്ചുകാട്ടാൻ കവി മടിക്കുന്നില്ല. പക്ഷിമൃഗാദികളോടും വൃക്ഷലതാദികളോടും പർവ്വത രാജാക്കന്മാരോടും തന്റെ സീതയെക്കണ്ടോ എന്ന് ചോദിച്ചലയുന്ന രാമനെ സമാധാനിപ്പിക്കാൻ പാടുപെടുന്ന ലക്ഷ്മണനെയാണ് പിന്നീട് നാം കാണുന്നത്.
മൃഗങ്ങൾ തെക്കോട്ടും മുകളിലേക്കും നോക്കി ദിശ കാണിച്ചതായും പറയുന്നു. കാട്ടിൽ വസിക്കുന്നവരുടെ കൃത്യമായ പരിസരനിരീക്ഷണത്തിന് ഉദാഹരണമായി, അന്വേഷണത്തിനിടയിൽ സീതയുടെ ചെറു കാലടിപ്പാടുകളും ഭീമാകാരമായ കാലടിപ്പാടുകളും സീത ചൂടിയിരുന്ന പുഷ്പങ്ങളും വഴിയിൽ കണ്ടതിൽ നിന്നും ഒന്നിലധികം പേർ സീതാപഹരണത്തിലില്ലെന്ന് ഊഹിക്കുന്ന ലക്ഷ്മണനെ കാണാനാകും.
രാവണനോടേറ്റു മുട്ടിയ പക്ഷി രാജനായ ജടായുവിനെ കണ്ടുമുട്ടുന്നതും സീതാപഹരണ വൃത്താന്തം സ്ഥിരീകരിക്കുകയും ചെയ്യുന്നതോടെ പക്ഷിശ്രേഷ്ഠനും ജീവൻ വെടിയുന്നു. തങ്ങളുടെ പിതാവിന്റെ സുഹൃത്തിന് ഉചിതമായ സംസ്ക്കാര ശുശ്രൂഷ നൽകി മാനിനെ വധിച്ച് പിണ്ഡം നൽകി തെക്കുപടിഞ്ഞാറു ദിക്കു ലക്ഷ്യമാക്കി രാമലക്ഷ്മണന്മാർ സീതാന്വേഷണം തുടരുന്നു.
ആരണ്യകാണ്ഡം 23-)o സർഗ്ഗത്തിൽ അയോമുഖി എന്ന രാക്ഷസിയേയും കബന്ധനെന്ന രാക്ഷസനേയും വധിച്ച കഥ പറയുന്നു. (എഴുത്തച്ഛന്റെ രാമായണത്തിൽ അയോമുഖിയെ കാണുന്നില്ല.)
രാമനും ലക്ഷ്മണനും സീതയും അഭിമുഖീകരിച്ച പ്രശ്നങ്ങൾ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്നും മനുഷ്യകുലം അഭിമുഖീകരിക്കുന്നു. ഒന്നിലു പിന്നാലെ ഒന്നായി ദു:ഖദുരിതങ്ങൾ വരുമ്പോഴും ഓരോരുത്തരുടെയും സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും ശ്രദ്ധയോടെ നോക്കിക്കാണണം. ശാന്ത സ്വരൂപികൾ ക്രുദ്ധരാകുകയും പല സന്ദർഭങ്ങളിലും ക്രുദ്ധരായിരിരിക്കുന്നവർ മറ്റുള്ളവരെ സമാധാനിപ്പിക്കുന്നവരായി മാറുകയും ചെയ്യുന്ന നാടകീയ സന്ദർഭങ്ങൾ, സ്ത്രീ മനസ്സിന്റെ വൈവിദ്ധ്യങ്ങൾ, സുഹൃത്ബന്ധങ്ങളുടെ വില ഒക്കെ മനസ്സിലാക്കാൻ രാമായണത്തിന്റെ ഒഴുക്കൻ വായന മാത്രം പോരെന്ന് കൂടി ഓർമ്മിപ്പിക്കുന്നതാണ് ഓരോ കഥാസന്ദർഭവും എന്ന കാര്യം മറക്കാതിരിക്കുക.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
















Comments