ഓൺലൈൻ ക്രെഡിറ്റ് കാർഡ് പെയ്‌മെന്റുകൾ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനായി പുതിയ സംവിധാനം അവതരിപ്പിച്ച് മാസ്റ്റർകാർഡ്. ഇനി ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കൂടുതൽ ഉപകാരപ്രദമാകും വിധമാണ് പുതിയ മാസ്റ്റർകാർഡിന്റെ അവതരണം. സാധാരണ നിലയിൽ ഇതുവരെ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് വേണ്ടി ഉപഭോക്താക്കൾ തങ്ങളുടെ പെയ്‌മെന്റ് കാർഡിന്റെ മൂന്നക്ക നമ്പർ അഥവാ സിവിസി-ക്രെഡിറ്റ് വേരിഫിക്കേഷൻ കോഡ് നൽകേണ്ടതായി വരാറുണ്ട്. ഇതിലാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്.
ഇനി മുതൽ വ്യാപാരിയുടെ വെബ്‌സൈറ്റിലോ ആപ്പിലോ കാർഡ് വിശദാംശങ്ങൾ നൽകി സേവ് ചെയ്തിട്ടുണ്ട് എങ്കിൽ ആദ്യ വട്ടം മാത്രം സിവിസി നൽകിയാൽ മതിയാകും. പിന്നീടുള്ള ഓരോ തവണയും സിവിസി നൽകേണ്ടതില്ല, കാർഡ് വിവരങ്ങൾ ഒരു തവണ സേവ് ചെയ്യുന്നതോടെ കാർഡ് ഏതെന്ന് തിരഞ്ഞെടുത്ത് ഒടിപി മാത്രം നൽകിയാൽ മതിയാകും. ഇതിലൂടെ ഓൺലൈൻ ഇടപാടുകൾ കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
ടോക്കണൈസേഷൻ സവിശേഷതകൾ ഉള്ളതിനാൽ തന്നെ പുതിയ സംവിധാനം സുരക്ഷിതമാണ്. ഉപഭോക്തൃ ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ടോക്കൺ ഉപയോഗിച്ച് കാർഡ് വിശദാംശങ്ങൾ മാറ്റിസ്ഥാപിക്കുകയും ഇതിലൂടെ തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തുന്നത് തടയുകയും ചെയ്യും. നിലവിൽ സൊമാറ്റൊ പോലുള്ള ചില ഇ കൊമേഴ്‌സ് കമ്പനികൾ സിവിസി ഇല്ലാതെ പേയ്‌മെന്റ് നടത്താവുന്ന ടോക്കണൈസേഷൻ സംവിധാനം ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്.
Comments