തൃശൂർ: ബൈക്ക് ട്രാൻസ്ഫോർമറിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാറ്ററിംഗ് ജീവനക്കാരായ രാഹുൽ (24), സനൽ (21) എന്നിവരാണ് മരിച്ചത്. പരിയാരം അങ്ങാടിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അമിത വേഗത്തിലെത്തിയ വാഹനം ട്രാൻസ്ഫോർമറിന്റെ കാലിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
ജോലി കഴിഞ്ഞ് ചാലക്കുടിയിൽ നിന്ന് കുറ്റിക്കാട്ടേക്ക് മടങ്ങുമ്പോൾ പരിയാരം അങ്ങാടിയിൽ വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റ യുവാക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ രണ്ട് പേരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു. ബൈക്കിന്റെ അമിത വേഗത മൂലമാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അതേസമയം, എറണാകുളം മാടവന ജംഗ്ഷനിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കറ്റു. വൈറ്റില ഭാഗത്ത് നിന്നും അരൂരിലേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മാടവന സിഗ്നലിൽ വെച്ച് ലോറി മറ്റ് നാല് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments