ടോക്കിയോ: ഹിരോഷിമയിൽ യുഎസ് അണുബോംബ് ആക്രമണം നടത്തിയതിന്റെ 78-ാം വാർഷികത്തിൽ അനുസ്മരിച്ച് രാജ്യം. ടോക്കിയോയിൽ നടന്ന അനുസ്മരണ ദിനത്തിൽ 50,000 ത്തോളം പേർ പങ്കെടുത്തു. ബോംബ് ആക്രമണത്തെ അതിജീവിച്ചവർ, ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ തുടങ്ങിയ അനേകം പേർ അനുസ്മരണ ദിനത്തിൽ പങ്കെടുത്തു. ഒരു നിമിഷം മൗനം ആചരിച്ച് കൈക്കൂപ്പി നിന്നാണ് ആ ദുരന്തദിനത്തെ ജനങ്ങൾ അനുസ്മരിച്ചത്.
ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് ആണവായുധങ്ങൾ ഉപയോഗിക്കുന്നത് നിർത്തലാക്കണമെന്ന് മേയർ കസുമി മാറ്റ്സുയി നിർദ്ദേശം നൽകി. യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജപ്പാൻ ഹിരോഷിമ അനുസ്മരണ ദിനം ആചരിച്ചത്.
78 വർഷം തികയുന്ന ഈ ദിനത്തിൽ ജപ്പാനെ നാമാവശേഷമാക്കിയ ഓർമ്മകളെ സ്മരിക്കുകയാണ് ലോകം. സംഭവിച്ചത് എന്താണെന്ന് പോലുമറിയാതെ ചാരമായി തീർന്നവർ. മനുഷ്യജീവനുകൾ കവർന്നെടുത്ത അണുബോംബ് ദുരന്തം. മുമ്പേ ചാരമായി തീർന്ന ദുരന്തം. 1945 ഓഗസ്റ്റ് 6-നാണ് ലോകമനസാക്ഷിയെ നടുക്കികൊണ്ട് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് വർഷിച്ചത്. ലിറ്റിൽ ബോയ് എന്ന ആദ്യ ആറ്റംബോംബ് ലക്ഷക്കണക്കിന് ജീവനുകളാണ് കവർന്നെടുത്തത്.
സ്ത്രീകളും കുട്ടികളുമടക്കം 70000 ത്തോളം പേർ തൽക്ഷണം കൊല്ലപ്പെട്ടു. രണ്ട് ലക്ഷത്തിലധികം പേർ അണുബോംബിന്റെ ഫലമായി ജനിതക വൈകല്യമുള്ളവരായിതീർന്നു. പരിക്കേറ്റവരെ ശുശ്രൂഷിച്ചവർക്ക് മാരക രോഗങ്ങൾ പിടിപ്പെട്ടു. കാൻസർ പോലുള്ള രോഗങ്ങളിലൂടെയാണ് ജപ്പാൻ ജനത ഇന്നും കടന്നുപോകുന്നത്. ഹിരോഷിമ ആക്രമണം നടന്ന് മൂന്നാം ദിവസം നാഗസാക്കിയെയും അമേരിക്ക നാമാവശേഷമാക്കി.
Comments