പാലക്കാട്: കൈക്കൂലി കേസിൽ ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിലായതിന് പിന്നാലെ പാലക്കയം വില്ലേജ് ഓഫീസിൽ കൂട്ട സ്ഥലംമാറ്റം. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസ് ജീവനക്കാരെ സ്ഥാലം മാറ്റിയത്. വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീൽഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കുമാണ് മാറ്റിയത്.
മേയ് 28-നാണ് കൈക്കൂലി വാങ്ങിയതിന് മുൻ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പാലക്കാട് വിജിലൻസ് അറസ്റ്റ് ചെയ്തത്. സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് കൈക്കൂലി പണമായി 35 ലക്ഷത്തോളം രൂപയാണ് വിജിലൻസ് കണ്ടെടുത്തത്. പണത്തിന് പുറമേ നിരവധി വിലപിടിപ്പുള്ള വസ്തുക്കളും മുറിയിൽ നിന്നും കണ്ടെത്തിയിരുന്നു. സുരേഷിന്റെ മണ്ണാർക്കാടിലെ ലോഡ്ജ് മുറിയിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് വസ്തുക്കൾ കണ്ടെത്തിയത്.
കൈക്കൂലിയായി പണം മാത്രമല്ല സുരേഷ് വാങ്ങിയിരുന്നത്. വസ്ത്രങ്ങൾ, തേൻ, കുടംപുളി, പേനകൾ എന്നിവയും മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്ത് കിട്ടിയാലും സുരേഷ് കുമാർ കൈക്കൂലിയായി കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസ് പറയുന്നത്. മുമ്പ് ജോലി ചെയ്തിരുന്ന വില്ലേജ് ഓഫീസുകളിലും സമാനമായി തന്നെ സുരേഷ് ക്രമക്കേടുകൾ നടത്തിയിരുന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
Comments