നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ അറ്റാദായത്തിൽ മൂന്നിരട്ടി വർദ്ധനവ് റിപ്പോർട്ട് ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ. പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിൽ 16,884.29 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 178 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 1.13 ശതമാനമാണ് വർദ്ധന.
അറ്റപലിശ വരുമാനം കഴിഞ്ഞ വർഷത്തെ 31,197 കോടി രൂപയിൽ നിന്നും 24.7 ശതമാനം വർദ്ധനവോടെ, 38,904 കോടി രൂപയായി ഉയർന്നിട്ടുണ്ട്. നെറ്റ് ഇന്ററസ്റ്റ് മാർജിൻ 3.47 ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇത് 3.84 ശതമാനമായിരുന്നു. പ്രവർത്തനലാഭം 12,753 കോടി രൂപയിൽ നിന്നും 25,297 കോടി രൂപയായാണ് വർദ്ധിച്ചത്. ജൂണിൽ അവസാനിച്ച പാദത്തിലെ കണക്കുകൾ പ്രകാരം 33.03 ലക്ഷം കോടി രൂപയാണ് ബാങ്ക് വായ്പയായി നൽകിയിട്ടുള്ളത്. ഈ ഇനത്തിൽ 14 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതേ കാലയളവിൽ രാജ്യത്തെ 12 പൊതുമേഖല ബാങ്കുകളും കൂടി രേഖപ്പെടുത്തിയത് 34,774 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സമാനപാദത്തിലെക്കാളേറെയാണ് വളർച്ച. ഉയർന്ന പലിശനിരക്കും അതുവഴി രേഖപ്പെടുത്തിയ ഉയർന്ന അറ്റ പലിശ ലാഭാനുപാതവുമാണ് (എൻഐഎം) ഈ നേട്ടത്തിന് വഴിയൊരുക്കിയത്. ബാങ്കുകൾ രേഖപ്പെടുത്തിയ എൻഐഎം മൂന്ന് ശതമാനത്തിലധികമാണ്. പൂനെ ആസ്ഥാനമായ ബാങ്ക് ഓഫ് മഹാരാഷ്‌ട്രയാണ് ഏറ്റവും ഉയർന്ന അറ്റ പലിശ ലാഭ മാർജിൻ (3.86%) രേഖപ്പെടുത്തിയത്. 3.62 ശതമാനവുമായി സെൻട്രൽ ബാങ്ക് രണ്ടാമതും 3.61 ശതമാനവുമായി ഇന്ത്യൻ ബാങ്ക് മൂന്നാമതുമാണ്.
Comments