ജയ്പൂർ: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയുന്നതിനെക്കുറിച്ച് മനസുതുറന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സ്ഥാനമൊഴിയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കസേര തന്നെ വിട്ടകന്ന് പോകുന്നില്ലെന്ന് ഗെഹ്‌ലോട്ട് വെളിപ്പെടുത്തി. ഇത് തുറന്നുപറയാൻ അസാമാന്യ ധൈര്യം തന്നെ വേണമെന്നും അദ്ദേഹം പ്രതികരിച്ചു.
രാജസ്ഥാനിൽ 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ആരംഭിച്ച മുഖ്യമന്ത്രി കസേരയ്‌ക്കുള്ള വടംവലി ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിലാണ് ഗെഹ്‌ലോട്ടിന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സച്ചിൻ പൈലറ്റുമായി നിരവധി തവണ ഇടയേണ്ടി വന്നെങ്കിലും ഒടുവിൽ ഉപമുഖ്യമന്ത്രി സ്ഥാനം നൽകി സമവായത്തിലെത്തുകയായിരുന്നു. ഹൈക്കമാൻഡിന്റെ നിർദേശ പ്രകാരമാണ് താൻ മുഖ്യമന്ത്രി പദത്തിലിരിക്കുന്നതെന്ന വാദത്തിലാണ് ഗെഹ്‌ലോട്ട് ഉറച്ചുനിന്നിരുന്നത്.
അടുത്തിടെ ജയ്പൂരിൽ വച്ച് നടന്ന ചടങ്ങിലാണ് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് നിലപാടറിയിച്ചത്. മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവയ്‌ക്കണമെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ ഈ പോസ്റ്റ് തന്നെ വിട്ട് പോകാൻ തയ്യാറാവുന്നില്ലെന്നതാണ് രാജി വയ്‌ക്കാത്തതിന് കാരണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അത് തനിക്ക് സ്വീകാര്യമാണ്. തനിക്ക് ചുമതല ഒഴിയണമെന്നുണ്ട്, പക്ഷെ മുഖ്യമന്ത്രി കസേരയാണ് തന്നെ വിട്ടുപോകാൻ അനുവദിക്കാത്തതെന്ന് തുറന്നുപറയാൻ അപാര ധൈര്യം തന്നെ വേണം. മൂന്നാം തവണയും മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്ത സോണിയാ ഗാന്ധിയുടെ തീരുമാനം ചെറിയ കാര്യമായി കണക്കാക്കുന്നില്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ സച്ചിൻ പൈലറ്റുമായി വീണ്ടും അസ്വാരസ്യം ഉടലെടുത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള പരസ്യ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി എത്തിയിരിക്കുന്നത്.
















Comments