തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാൻ സിപിഎം എംഎൽഎ സമ്മർദ്ദം ചെലുത്തിയതിന്റെയും കോൺഗ്രസ് നേതാവിന് കോഴ വാഗ്ദാനം ചെയ്തതിന്റെയും ശബ്ദരേഖ പുറത്ത്. അവണാകുഴി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സിപിഎം നേതാവ് ഗൂഗിൾ പേ വഴി പണം കൈമാറിയത്.
സിപിഎമ്മാണ് കഴിഞ്ഞ നാല് പതിറ്റാണ്ടായി അവണാകുഴി സഹകരണ ബാങ്ക് ഭരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥികളായി കെ.പി.അജയകുമാർ, എൽ.കവിത, സന്തോഷ്, ശശി എന്നിവർ പത്രിക സമർപ്പിച്ചു. എന്നാൽ, വായ്പാ കുടിശ്ശിക ഉള്ളതിനാൽ കവിതയുടെയും സന്തോഷിന്റെയും പത്രിക തള്ളി. അതേസമയം ശശി സ്വമേധയാ പത്രിക പിൻവലിച്ചു. നിക്ഷേപകരുടെ പ്രതിനിധി വിഭാഗത്തിൽ, സിപിഎമ്മിൽ നിന്നു കോൺഗ്രസിലേക്ക് മാറിയ അതിയന്നൂർ മരുതംകോട് ബൂത്ത് സെക്രട്ടറി കെ.പി.അജയകുമാർ പത്രിക പിൻവലിച്ചില്ല. അജയകുമാറുമായി സംസാരിക്കാൻ കെ.ആൻസലൻ എഎൽഎയെയാണ് നിയോഗിച്ചത്.
‘അജയാ, ആൻസലനാണേ? നിന്റെ നോമിനേഷൻ അവിടെ കിടപ്പുണ്ടല്ലോ. നീ മാത്രമാണു പിൻവലിക്കാനുള്ളത്’ ആൻസലൻ എംഎൽഎ ഫോൺ സംഭാഷണത്തിൽ പറയുന്നു. നിക്ഷേപകരുടെ വിഭാഗത്തിൽ മത്സരിക്കുന്ന സിപിഎമ്മിലെ എസ്.വിനുവും തന്നെ വിളിച്ചു പിന്മാറാൻ ആവശ്യപ്പെട്ടെന്ന് അജയൻ. താൻ സിപിഎമ്മിൽ ഉണ്ടായിരുന്നയാളാണെന്നും തിരിച്ചുവരാൻ തയാറാണെന്നും പാനലിൽ ഉൾപ്പെടുത്തണമെന്നും അജയൻ ആവശ്യപ്പെട്ടു. അപ്പോൾ ആൻസലന്റെ മറുപടി: ‘ഞാൻ ഏരിയാസെക്രട്ടറിയോടു സംസാരിക്കാം. എന്താന്നുവച്ചാ അവർ ചെയ്യും. ഉപദ്രവിക്കാതെ മാറ്. തിരഞ്ഞെടുപ്പു നടന്നാൽ മെനക്കേടല്ലേ?’
ആൻസലൻ വിവരം അറിയിച്ചപ്പോൾ സിപിഎം നേതാക്കൾ കൂടിയാലോചിച്ചു. അജയകുമാറുമായി അടുത്ത ബന്ധമുള്ള ഡിസിസി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ സ്ഥിരസമിതി അദ്ധ്യക്ഷനുമായ ജോസ് ഫ്രാങ്ക്ലിനെയാണ് അവർ ബന്ധപ്പെട്ടത്.
ജോസും അജയനും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന്: ‘അജയാ, അവർ (സിപിഎമ്മുകാർ) 50,000 രൂപ തരാമെന്നു പറയുന്നു’. ഞാനിപ്പോൾ ആലപ്പുഴയിലാണ്. പത്രിക പിൻവലിക്കാൻ അവണാകുഴിയിൽ എത്താനാകില്ലെന്ന് അജയൻ മറുപടി പറഞ്ഞു. ജോസ് വിശദീകരിച്ചു: ‘അതു കുഴപ്പമില്ല. അവരെക്കൊണ്ടു (സിപിഎമ്മുകാർ) തുക ഗൂഗിൾ പേ ചെയ്യിക്കാം. അജയൻ റിട്ടേണിംഗ് ഓഫിസറെ വിളിച്ച് പത്രിക പിൻവലിക്കാൻ തയ്യാറാണെന്നു പറയണം. ഒപ്പ് മൊബൈലിൽ സ്‌കാൻ ചെയ്ത് അയച്ചു കൊടുത്താൽ മതി. ഗൂഗിൾ പേ ഉണ്ടല്ലോ അല്ലേ അജയാ. ആ നമ്പർ ഇങ്ങോട്ട് അയയ്‌ക്കണേ’.
പത്രിക പിൻവലിക്കാനുളള അവസാന ദിവസമായ ഓഗസ്റ്റ് 1ന് വൈകിട്ട് അജയകുമാറിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി 50,000 രൂപയെത്തി. തിരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഎം നേതാവ് രാം ജി.ദേവിന്റെ അക്കൗണ്ടിൽ നിന്നാണ് തുക അയച്ചത്. പിന്നാലെ അജയകുമാർ റിട്ടേണിംഗ് ഓഫിസറെ വിളിച്ച് ഒപ്പ് സ്‌കാൻ ചെയ്ത് അയച്ചുകൊടുത്തു. സ്ഥാനാർത്ഥി നേരിട്ട് ഹാജരായി നാമനിർദ്ദേശ പത്രിക പിൻവലിക്കണമെന്ന നിയമം റിട്ടേണിംഗ് ഓഫിസർ പാലിച്ചില്ല. വൈകിട്ട് 5 കഴിഞ്ഞപ്പോൾ സിപിഎമ്മിലെ 13 അംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.
Comments