പ്രോവിഡൻസ്: ഇന്ത്യ വെസ്റ്റ്ഇൻഡീസ് ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ഇന്ന് വിജയത്തോടെ പരമ്പരയിൽ സജീവമാകാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയ്‌ക്കെതിരെ ഇന്നത്തെ മത്സരം ജയിച്ച് 7 വർഷത്തിന് ശേഷം ഇന്ത്യക്കെതിരെ ഒരു പരമ്പര സ്വന്തമാക്കുകയാണ് വിൻഡീസിന്റെ ലക്ഷ്യം.
ബാറ്റിംഗിൽ കടലാസിലുള്ള കരുത്ത് തെളിയിക്കാൻ പാടുപെടുന്ന ഇന്ത്യയിന്ന് ഇഷാൻ കിഷന് പകരം യശസ്വി ജയ്സ്വാളിനെ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. സഞ്ജു സാംസണ് വീണ്ടും അവസരം നൽകും. നിലവിൽ സഞ്ജുവിനെ ടീം ഫിനിഷറായാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇതിനെതിരെ ആരാധകർ രൂക്ഷ വിമർശനമുയർത്തുന്നുണ്ട്. വൺ ഡൗണോ സെക്കന്റ് ഡൗണോ ആയി സഞ്ജുവിനെ ഇറക്കിയാൽ ടീമിന് ഗുണം ചെയ്യുമെന്നാണ് അവരുടെ വാദം. എന്നാൽ ഇന്നും തിളങ്ങനായില്ലെങ്കിൽ ഏകദിന ലോകകപ്പ് ടീമിലെ സഞ്ജുവിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാകും. 31 റൺസ് വിട്ടുകൊടുത്ത രവി ബിഷ്ണോയിയ്‌ക്ക പകരം ഫിറ്റ്‌നസ് വീണ്ടെടുത്താൽ കുൽദീപ് യാദവും പ്ലേയിംഗ് ഇലവനിലെത്തും.
വിൻഡീസ് വിന്നിംഗ് കോമ്പിനേഷൻ മാറ്റാൻ സാദ്ധ്യതയില്ല. ക്യാപ്റ്റൻ റോവ്മാൻ പാവലും നിക്കോളാസ് പുരാനും വിൻഡീസ് നിരയിൽ മിന്നും ഫോമിലാണ്. മറ്റുളളവർ താളം കണ്ടെത്താൻ പ്രയാസപ്പെടുന്നുണ്ടെങ്കിലും വിൻഡീസ് നിരയിൽ പത്താമനായി ഇറങ്ങുന്ന അൽസാരി ജോസഫ് ഉൾപ്പെടെ ബാറ്റുചെയ്യുമെന്നത് അവർക്ക് ആത്മവിശ്വാസം പകരുന്നു.
Comments