ചിരിച്ചിത്രങ്ങളുടെ ഹിറ്റ് മേക്കർ സംവിധായകൻ സിദ്ദിഖിന് വിട പറയാനൊരുങ്ങുകയാണ് നാട്. അദ്ദേഹത്തിന്‌റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ടോടെ നടക്കും. രാവിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. നിലവിൽ കാക്കനാട്ടെ വീട്ടിലാണ് ഭൗതികദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ നിന്നും എട്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം സ്റ്റേഡിയത്തിലെത്തിക്കും. 9 മണി മുതൽ ഉച്ചയ്‌ക്ക് 12 വരെയാണ് പൊതുദർശനം. തുടർന്ന് കാക്കനാട്ടെ വീട്ടിലേക്ക് തിരികെയെത്തിക്കും. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതാണ്.
മലയാളത്തിലും തമിഴിലും ഹിന്ദിയിലുമുൾപ്പടെ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ഇന്നലെ രാത്രിയായിരുന്നു ഈ ലോകത്തോട് വിട പറഞ്ഞത്. മലയാളിയെ മനസുനിറയെ ചിരിപ്പിക്കാൻ കഴിഞ്ഞ ഒരുപിടി മലയാള സംവിധായകരിൽ ഒരാളായിരുന്നു അദ്ദേഹം. ഹിറ്റുകളുടെ പെരുമഴ തീർത്ത സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. ലാലിനൊപ്പം റാംജിറാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ ഹിറ്റ് ചിത്രങ്ങൾ സിദ്ദിഖ് ചെയ്തു. ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലർ, ലേഡീസ് & ജെന്റിൽമാൻ എന്നിവ അദ്ദേഹം സ്വതന്ത്രമായി സംവിധാനം ചെയ്തവയായിരുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി കരൾരോഗത്തിന് ചികിത്സയിലായിരുന്നു സിദ്ദിഖ്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവെ ഇന്നലെ രാത്രിയായിരുന്നു അദ്ദേഹം വിട പറഞ്ഞത്.
Comments