ലഖ്നൗ: രാജ്യം 76-ാം സ്വാതന്ത്ര്യം ആഘോഷിക്കാനൊരുങ്ങുമ്പോൾ തയ്യാറെടുപ്പുകളുമായി യുപി സർക്കാർ. മണ്ണിനെയും ധീരസൈനികരെയും ആദരിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനത്തെ വരവേൽക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 വരെ തുടരും. തലസ്ഥാനമായ ലഖ്നൗവിലും ഗ്രാമങ്ങളിലും നഗരങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഉത്തർപ്രദേശ് സർക്കാർ പദ്ധതിയിടുന്നത്.
‘ആസാദി കാ അമൃത് വർഷ’ത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം ‘മിട്ടി കോ നമാൻ, വീരോൻ കാ വന്ദൻ’ എന്ന സന്ദേശമുയർത്തി ‘മേരി മിട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കക്കോരിയിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘പഞ്ച് പ്രാണ’ പ്രതിജ്ഞയെടുക്കും. തുടർന്ന് ധീരസൈനികരുടെ കുടുംബങ്ങളെ ആദരിക്കുകയും, 75 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. 35 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 5 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ പൗരന്റെയും ഉത്സവമായ സ്വാതന്ത്ര്യദിനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഓഗസ്റ്റ് 15 ന് ലഖ്നൗവിൽ നടക്കുന്ന പ്രധാന ചടങ്ങ് എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും തത്സമയം സംപ്രേഷണം ചെയ്യും. അമൃത്കാലിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ വീടുകളിൽ ത്രിവർണ പതാക ഉയർത്തണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സ്വാതന്ത്ര്യദിന ചടങ്ങിൽ സിക്കിമ്മിൽ നിന്നുളള സാംസ്‌കാരിക സംഘടത്തിന്റെ പ്രത്യേക പ്രകടനം ഉണ്ടായിരിക്കും. സംസ്ഥാനത്തെ ജില്ലകളിലും തദ്ദേശസ്ഥാപനങ്ങളിലും അണിനിരക്കുന്ന പരിപാടികളിൽ മന്ത്രിമാരും പ്രാദേശിക ജനപ്രതിനിധികളും പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യ സമര സേനാനികൾ, സായുധ സേനകൾ, അർദ്ധസൈനിക സേനകൾ, സായുധ പോലീസ് സേനകൾ, അവാർഡ് ജേതാക്കളായ പോലീസ് ഉദ്യോഗസ്ഥർ, മരിച്ച സൈനികരുടെ ആശ്രിതർ, വിമുക്തഭടന്മാർ എന്നിവരെ ആദരിക്കും. പ്രത്യേക അവസരങ്ങളിൽ ഓരോ പൗരനും പ്രഞ്ച് പ്രാൺ പ്രതിജ്ഞ എടുക്കണമെന്നും യോഗി പറഞ്ഞു. ‘ഹർഘർ തിരംഗ’ കാമ്പയിനിന്റെ കീഴിൽ കഴിഞ്ഞ വർഷം ആറ് കോടി ദേശീയ പതാക ഉയർത്തി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഈ വർഷവും എല്ലാ വീടുകളിലും എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വ്യവസായ യൂണിറ്റുകളിലും ദേശീയ പതാക ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments