ശ്രീനഗർ: ബന്ദിപ്പോരയിലെ കെഹ്നുസ ഗ്രാമത്തിൽ നടത്തിയ പരിശോധനയിൽ പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുമായി ബന്ധമുള്ള ഭീകരനെ പിടികൂടി. ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) സജീവ പ്രവർത്തകൻ കൂടിയാണ് അറസ്റ്റിലായ യുവാവെന്ന് പോലീസ് അറിയിച്ചു. ശ്രീനഗറിൽ നിന്ന് കഴിഞ്ഞ ദിവസം മൂന്ന് ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇവരെ പിടികൂടുന്നതെന്ന് പോലീസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെഹ്നുസ ഗ്രാമത്തിൽ പരിശോധന നടത്തിയതും ഭീകരനെ പിടികൂടിയതെന്നും ബന്ദിപ്പോര പോലീസ് പറഞ്ഞു.
ഇയാളുടെ പക്കൽ നിന്ന് ഗ്രനേഡും കണ്ടെടുത്തു.
കഴിഞ്ഞ ദിവസം കശ്മീർ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേർ ശ്രീനഗറിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചിരുന്നു. ബാരാമുള്ളയിലെ ബുൾബുൾ ബാഗിൽ താമസിക്കുന്ന ഇമ്രാൻ അഹമ്മദ് നജർ, ശ്രീനഗർ ഖമർവാരിയിൽ താമസിക്കുന്ന വസീം അഹമ്മദ് മട്ട, ബിജ്ബെഹാരയിലെ പഴൽപോറയിൽ നിന്നുള്ള വക്കീൽ അഹമ്മദ് ഭട്ട് എന്നീ ഭീകരരെയാണ് ശ്രീനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 3 ഹാൻഡ് ഗ്രനേഡുകൾ, 10 പിസ്റ്റൽ റൗണ്ടുകൾ, 25 എകെ 47 റൈഫിളുകൾ എന്നിവ കണ്ടെടുത്തിരുന്നു.
നേരത്തെ നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീരുമായി (ഐഎസ്‌ജെകെ) ബന്ധമുള്ള സജീവ ഭീകരനായിരുന്നു വക്കീൽ അഹമ്മദ് ഭട്ട്.
ടിആർഎഫിന്റെ സജീവ പ്രവർത്തകരായ ഈ മൂന്ന് പേർ ശ്രീനഗറിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ശേഖരിച്ചതായി പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 3, 4, ആയുധ നിയമത്തിലെ സെക്ഷൻ 25, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് സെക്ഷൻ 18, 23, 39 എന്നീ വകുപ്പുകൾ പ്രകാരമാണ് ചാനാപോറ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments