ബെംഗളൂരു: ആറ് വർഷം ഒന്നിച്ച് താമസിച്ചതിന് ശേഷം പീഡനപരാതിയുമായി കോടതിയെ സമീപിച്ച യുവതിയുടെ ഹർജി കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയാണ് യുവതിയുടെ രണ്ട് പരാതികൾ നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. ആറ് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് ക്രിമിനൽ കേസുകളാണ് യുവതി നൽകിയത്.
സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് യുവതി ബെംഗളൂരു സ്വദേശിയായ യുവാവുമായി സൗഹൃദബന്ധത്തിലായത്. തുടർന്ന് ഇരുവരും ആറ് വർഷമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. പരാതിയിൽ എല്ലാ വിശദവിരങ്ങളും യുവതി വ്യക്തമാക്കുന്നുണ്ട്. 2019 ഡിസംബർ 27 മുതൽ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു. ആറ് വർഷത്തെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം ബന്ധം ഇല്ലാതാകുമ്പോൾ അതിനെ ബലാത്സംഗമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം നാഗപ്രസന്നയാണ് പരാതി റദ്ദാക്കിയത്.
2021-ലാണ് ബെംഗളൂരുവിലെ ഇന്ദിരാനഗർ പോലീസിലും ദാവൻഗരെയിലെ വനിതാ പോലീസിലും യുവതി പരാതി നൽകിയത്. വഞ്ചന, ഭീഷണി എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരോപിച്ചാണ് യുവതി പോലീസിൽ പരാതി നൽകിയത്. രണ്ട് കേസുകളിലും പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. അതേസമയം, യുവതിയ്ക്ക് നേരത്തെ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നെന്നും ഇയാൾക്കെതിരെയും സമാനമായ കേസ് രജിസ്റ്റർ ചെയ്തെന്നും യുവാവ് കോടതിയെ അറിയിച്ചിരുന്നു. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ പരാതി കോടതി തള്ളിയത്.
Comments