ന്യൂഡൽഹി: പ്രധാനമന്ത്രി ആകുന്നത് തന്റെ ജന്മാവകാശമെന്നാണ് രാഹുൽ ഗാന്ധി വിചാരിക്കുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. വിവേകമുള്ള ഇന്ത്യയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെ നിരവധി തവണയാണ് നിരസിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പദവികൾക്ക് വേണ്ടിയാണ് കോൺഗ്രസിലെ പല നേതാക്കളും പ്രവർത്തിക്കുന്നതെന്നും മാളവ്യ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രധാനമന്ത്രിയാകുന്നത് ജന്മാവാകാശമായാണ് രാഹുൽ ഗാന്ധി കരുതുന്നത്. എന്നാൽ, വിവേകമുള്ള ഇന്ത്യക്കാർ ഇതിനകം നിരവധി തവണ ഇത് നിരസിച്ചു. എംപിമാരായ ഗൗരവ് ഗൊഗോയ്, സുപ്രിയ സുലെ, ഡിംപിൾ യാദവ് എന്നിവരെല്ലാം രാഷ്‌ട്രീയ കുടുംബത്തിൽ നിന്നും വന്നവരാണ്. അവരുടെ ഒരേയൊരു താൽപ്പര്യം അവരുടെ പദവി സംരക്ഷിക്കുക എന്നതു മാത്രമാണ്.
അന്തരിച്ച കോൺഗ്രസ് നേതാവും മുൻ അസം മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയിയുടെ മകൻ ഗൗരവ് ഗൊഗോയ്, എൻസിപി മേധാവി ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ, ഡിംപിൾ യാദവ്, അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം കുടുംബാധിപത്യത്തിന്റെ വക്താക്കളാണ്. ഇവരുടെ ഒരേയൊരു താൽപ്പര്യം അവരുടെ പദവി സംരക്ഷിക്കുക എന്നതാണ്. ജനങ്ങളുടെ ക്ഷേമവും ഇന്ത്യയുടെ വികസനവുമെല്ലാം ഇവരുടെ അവസാന വിഷയമാണ്. കഴിവുള്ള യുവാക്കളും യുവതികളും ഉണ്ടെങ്കിലും ഇവർക്കാണ് കൂടുതൽ പരിഗണന ലഭിക്കുന്നത്.
എന്നാൽ, സാധാരണക്കാരിൽ നിന്നും ഉയർന്നു വന്ന് അണികൾക്കിടയിൽ നിന്ന് പ്രവർത്തിച്ച് കഠിനാധ്വാനം കൊണ്ട് ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന പദവിയിലിരിക്കുന്ന വ്യക്തി നരേന്ദ്രമോദിയാണ്. സ്വന്തം അദ്ധ്വാനത്തിലൂടെ ഉയർന്നു വന്ന നരേന്ദ്രമോദിയെപോലെയുള്ള നേതാക്കളെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.’- അമിത് മാളവ്യ പറഞ്ഞു
കഴിഞ്ഞ ദിവസം കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രിയും രംഗത്ത് വന്നിരുന്നു. അഴിമതിക്കും കുടുംബാധിപത്യത്തിനും പ്രീണനത്തിനും എതിരെയാണ് പ്രതിപക്ഷ മുന്നണി ഇപ്പോൾ സംസാരിക്കുന്നത്. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയെ കൊളോണിയൽ ഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി ക്വിറ്റ് ഇന്ത്യാ സമരം വലിയ പങ്കുവഹിച്ചു. എന്നാൽ ഇന്നത്തെ ഇന്ത്യ ഒരേ സ്വരത്തിൽ പറയുന്നത് അഴിമതിയും കുടുംബാധിപത്യവും ഇന്ത്യയിൽ നിന്നും തുടച്ച് നീക്കണം എന്നാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
Comments