എറണാകുളം: വ്യത്യസ്തതയാർന്ന കഥയും കഥാപാത്രങ്ങളും മലായളികൾക്ക് സമ്മാനിച്ച പ്രിയ സംവിധായകൻ സിദ്ദിഖിന് വിടച്ചൊല്ലി കലാകേരളം. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടന്നു.
രാവിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ലാൽ, മമ്മൂട്ട്, ദിലീപ്, ജയസൂര്യ, ജഗദീഷ് തുടങ്ങിയ നിരവധി താരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായെത്തിയത്. സിനിമാ മേഖല ഒന്നാകെയാണ് അദ്ദേഹത്തിന് യാത്രാമൊഴി ചൊല്ലിയത്. സിനിമാ ലോകത്തിന് വലിയ നഷ്ടമാണ് സിദ്ദിഖിന്റെ വിയോഗം.
മലയാളത്തിലും തമിഴിലും ഹിന്ദിയിലുമുൾപ്പടെ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ഇന്നലെ രാത്രിയായിരുന്നു ലോകത്തോട് വിട പറഞ്ഞത്. മലയാളിയെ മനസ് നിറയെ ചിരിപ്പിക്കാനും അതിലുപരി ചിന്തിപ്പിക്കാനും പഠിപ്പിച്ച മലയാള സംവിധായകരിൽ ഒരാളായിരുന്നു അദ്ദേഹം. ഹിറ്റുകളുടെ പെരുമഴ തീർത്ത സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. റാംജിറാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ഹിറ്റ് ചിത്രങ്ങളാണ് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു സിദ്ദിഖ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
Comments