ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തർജത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഷ്ണുപാദം പൂകിയ മണ്ണാറശാല അമ്മയുടെ ഓർമ്മകൾ വിശ്വാസ സമൂഹത്തിന് ഏറെ പ്രചോദനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർപ്പ ആരാധനയുമായി ബന്ധപ്പെട്ട് ഭാരതത്തിലെ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആചാര്യയാണ് അമ്മ. മൂന്ന് പതിറ്റാണ്ടുകളായി മണ്ണാറശാലയിലെത്തുന്ന ഭക്തജനങ്ങൾക്ക് നാഗരാജാവിന്റെ അനുഗ്രഹം സാധ്യമാക്കാൻ അമ്മയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനാരോഗ്യം മൂലം മൂലം അമ്മ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിത്യപൂജകളിൽ പങ്കെടുത്തിരുന്നില്ല. എന്നിരുന്നാലും ആചാരക്രമങ്ങൾ ചിട്ടയായി തുടർന്നിരുന്നു. വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്ടോബർ 24-ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. ഉമാദേവി അന്തർജനത്തിന്റെ ഭർതൃസഹോദര പുത്രൻ പരേതനായ എംവി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനമാണ് മുറപ്രകാരം മണ്ണാറശാലയിലെ അടുത്ത അമ്മ.
മണ്ണാറശാല നാഗരാജാക്ഷേത്രത്തിലെ പൂജകർമ്മങ്ങൾ നടത്തുന്നത് സ്ത്രീകളാണ്. പൂജകർമ്മങ്ങൾ ചെയ്യുന്ന അന്തർജനത്തെ വലിയമ്മ എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം വലിയമ്മയാണ് നടത്തുക.
Comments