ശ്രീനഗർ: കശ്മീർ വിഷയങ്ങളിൽ ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ചർച്ചകൾ നടക്കാത്ത പക്ഷം എല്ലാം തമാശ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിർത്തി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതും താഴ്‌വരയിൽ തിരംഗ റാലികൾ സംഘടിപ്പിക്കുന്നതും കശ്മീരിലെ സ്ഥിതി മാറിയതു കൊണ്ടാണോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫാറൂഖ് അബ്ദുള്ള. കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ ഫാറൂഖ് അബ്ദുള്ള അടക്കമുള്ള നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.
‘ഇരു രാജ്യങ്ങളുടെയും ഹൃദയങ്ങൾ ശുദ്ധമായിരിക്കണം. ഷോ ഓഫ് ആണ് ഇപ്പോൾ നടക്കുന്നത്. പ്രശ്നങ്ങൾ ഒന്നും പരിഹരിക്കാത്തതിനാൽ ഇന്ത്യയും പാകിസ്താനും ശുദ്ധമായ ഉദ്ദേശ്യത്തോടെ സംസാരിക്കണം. കശ്മീർ വിഷയത്തിൽ ഇരു രാജ്യങ്ങളും സത്യസന്ധതയോടെ സംസാരിക്കാത്തിടത്തോളം, ഇതെല്ലാം ഒരു ഷോ ഓഫ് മാത്രമാണ്. ഈ തമാശ തുടരും. എല്ലാ വർഷവും ഇത് സംഭവിക്കും, പക്ഷേ പ്രശ്നം അവിടെ തന്നെ തുടരും’.
‘യഥാർത്ഥത്തിൽ കശ്മീരിൽ സമാധാനമുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അക്രമങ്ങൾ ഉണ്ടാകുന്നത്. എന്തിനാണ് വെടിയുതിർക്കുന്നത്, സൈനികരും ആളുകളും കൊല്ലപ്പെടുന്നത് എന്തുകൊണ്ടാണ്. തങ്ങളുമായുള്ള പ്രശ്നങ്ങൾ ഇതുവരെ ഇന്ത്യ പരിഹരിച്ചിട്ടില്ലെന്ന് പാകിസ്താൻ കരുതുന്നതിനാലാണിത്. ചർച്ചകളിലൂടെ മാത്രമേ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ. ഇന്ത്യ ചൈനയുമായി സംസാരിക്കുന്നത് പോലെ, പാകിസ്താനുമായും സംസാരിക്കണം’- ഫറൂഖ് അബ്ദുള്ള പറഞ്ഞു.
Comments