ലോക സിനിമകളിൽ എല്ലാവരും ഓർത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ടൈറ്റാനിക്. ജാക്കിന്റെയും റോസിന്റെയും പ്രണയ നിമിഷങ്ങൾ നെഞ്ചോട് ചേർക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രേക്ഷകരെ കയ്യിലെടുത്ത പ്രകടനത്തിന് നടി കേറ്റ് വിൻസ്ലെറ്റിനും നടൻ ലിയനാർഡോ ഡികാപ്രിയോക്കും ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ കേറ്റ് ധരിച്ച ഓവർകോട്ട് ലേലത്തിന് വച്ചിരിക്കുകയാണ്.
ജാക്ക് ഒടുവില്‍ കടലിലേക്ക് മുങ്ങുന്ന രംഗത്തില്‍ അടക്കം ധരിച്ച ഓവർകോട്ടാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ലേല സ്ഥാപനമായ ഗോൾഡിൻ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെൻ ഗോൾഡിൻ പറയുന്നത് ഈ ഓവര്‍ക്കോട്ടിന് ഒരുലക്ഷം ഡോളറില്‍ (ഏതാണ്ട് 83 ലക്ഷം രൂപ) കൂടുതല്‍ ലഭിക്കുമെന്നാണ്. വെള്ളിയാഴ്ച രാത്രി വരെ അഞ്ച് വ്യക്തികൾ ബിഡ് നടത്തിക്കഴിഞ്ഞു. ഇതുവരെ ഉയര്‍ന്ന തുക 34,000 ഡോളറിനാണ്.
ചിത്രീകരണത്തിനിടെയുണ്ടായ കറകൾ ഉൾപ്പെടെ ഇന്നും വസ്ത്രത്തിൽ കാണാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കറുത്തനിറത്തിലുള്ള എംബ്രോയ്ഡറിയോടെയുള്ള പിങ്ക് വൂൾ ഓവർകോട്ടിന് അന്ന് മുതൽക്കേ ആരാധകർ ഏറെയുണ്ടായിരുന്നു. ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ഡെബോറാ ലിൻ സ്കോട്ടിന് ഓസ്കർ പുരസ്കാരവും ലഭിച്ചിരുന്നതാണ്. പോപ് കൾച്ചറിൽ തത്പരനോ, ടൈറ്റാനിക് ചിത്രത്തിന്റെ കടുത്ത ആരാധകനോ ഒക്കെയാകാം ലേലത്തിൽ വിജയിക്കുക എന്നാണ് ഗോൾഡിൻ കരുതുന്നത്.
Comments