ഫ്‌ലോറിഡ: അവസരം കിട്ടിയിട്ടും മുതലാക്കാത്ത സഞ്ജു വി സാംസണെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശിച്ച് ആരാധകർ. വെസ്റ്റ് ഇൻഡീസിനെതിരെ അവസാന ടി20-യിലും നിരാശപ്പെടുത്തിയതിന് പിന്നാലെയാണ് മലയാളി താരത്തിനെതിരെ ആരാധകർ തിരിഞ്ഞത്. ഫ്‌ലോറിഡയിൽ നടക്കുന്ന അവസാന ടി20-യിൽ ഒമ്പത് പന്തിൽ നിന്ന് 13 റൺസുമായിട്ടാണ് താരം മടങ്ങിയത്.
അഞ്ചാമനായി ക്രീസിലെത്തി രണ്ട് ബൗണ്ടറികൾ നേടിയെങ്കിലും കിട്ടിയ അവസരം മുതലാക്കാൻ സഞ്ജുവിന് ആയില്ല. റൊമായിരോ ഷെഫേർഡിന്റെ പന്തിൽ ലേറ്റ് കട്ടിന് ശ്രമിക്കുമ്പോൾ വിക്കറ്റ് കീപ്പർ നിക്കോളാസ് പുരാന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. ആദ്യ ടി20-യിൽ 12 റൺസും രണ്ടാം മത്സരത്തിൽ ഏഴ് റൺസും നേടിയാണ് സഞ്ജു പുറത്തായത്. ഈ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു.
മൂന്നും നാലും ടി-20 മത്സരങ്ങളിൽ സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചതുമില്ല. ഇന്നത്തെ അവസാന ടി20-യിൽ തിളങ്ങിയിരുന്നെങ്കിൽ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് അവസരം ലഭിച്ചേനെ. അയർലൻഡിനെതിരായ ടി20 പരമ്പരയിലാണ് ഇനി താരം കളിക്കുക. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജു 51 റൺസ് നേടിയിരുന്നു. അവസാന ടി20-യിൽ പുറത്തായതിന് പിന്നലെ സഞ്ജുവിനെതിരെ ട്രോളുകളും വന്നു.
Comments