കൊച്ചി: കായികതാരങ്ങളുടെ സർക്കാർ ജോലി നൽകുന്നതിൽ കേരളം നയം രൂപീകരിക്കണമെന്ന് പി ആർ ശ്രീജേഷ്. കായിക താരങ്ങൾക്ക് സർക്കാർ ജോലിയുടെ കാര്യത്തിലെ നയം കേരളത്തിൽ പരിതാപകരമാണെന്നും ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ കണ്ടുപഠിക്കണമെന്നും താരം പറഞ്ഞു. ദേശീയ ടീമിനായി കളിക്കാൻ അവസരം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയതാണെന്ന് എല്ലാവർക്കും അറിയാം. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിനും മെഡൽ നേടുന്നതിനുമെല്ലാം അംഗീകാരം നൽകേണ്ടതുണ്ട്. താരങ്ങൾക്ക് നേട്ടങ്ങൾക്കനുസരിച്ചുള്ള ജോലികൾ കൊടുക്കണമെന്നും താരം പറഞ്ഞു.
”ഇങ്ങനെയൊരു അവസ്ഥ പരിതാപകരമാണ്. കായികതാരങ്ങൾക്ക് ഒരിക്കലും ഇങ്ങനെയൊരു അവസ്ഥയുണ്ടാകാൻ പാടില്ല. സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തിരിക്കുന്നത് കായികരംഗത്തുണ്ടായിരുന്നവരാണ്. അവർ ഒരിക്കലും ഇതിനെ വ്യക്തിപരമായി കാണുന്നില്ല. നമുക്ക് പണ്ടുമുതലേ ഒരു നയമില്ല. അതാണ് ഏറ്റവും വലിയ പ്രശ്നം.
ഒരാൾ ഒരു ടൂർണമെന്റ് കളിച്ചുവരുമ്പോൾ അയാളോട് എങ്ങനെ പെരുമാറണമെന്നതിലോ പരിഗണിക്കണമെന്നതിലോ നമുക്കൊരു രീതിയില്ല. മന്ത്രിസഭ ചേർന്നിട്ടാണു പലപ്പോഴും തീരുമാനമെടുക്കുന്നത്. ഒരു നയം രൂപീകരിച്ചിരുന്നെങ്കിൽ വളരെ എളുപ്പമാണ്. ആരു വന്നാലും അത് പിന്തുടർന്നാൽ മതി. ഇത് എങ്ങനെ കൃത്യമായി നടപ്പാക്കാമെന്നു പല സംസ്ഥാനങ്ങളെയും കണ്ടുപഠിക്കേണ്ടതുണ്ട്.”കെ ബി ഗണേഷ്കുമാർ കായിക മന്ത്രിയായിരുന്ന 2012 ഒളിമ്പിക്സ് കാലഘട്ടത്തിൽ ഒളിംപ്യൻസിനു വേണ്ടി പ്രത്യേക ക്വാട്ടയുണ്ടാക്കിയിരുന്നു. ഇതിലൂടെയാണ് ഞാൻ ജോലിയ്ക്ക് കയറിയത്. ഒളിംപിക്സിൽ പങ്കെടുത്തതിന് ഗസറ്റഡ് റാങ്കിലുള്ള ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു അന്ന്. ഇന്നും ഒളിംപ്യൻസിനു വേണ്ടി ആ തസ്തികയുണ്ട്. മുഖ്യമന്ത്രിയും കായികമന്ത്രിക്കും ഇക്കാര്യം ശ്രദ്ധിച്ചാൽ കായികതാരങ്ങൾക്ക് മുന്നോട്ടുളള അവസരമാകും. കായികമേഖലയിലൂടെ എവിടെ വരെ എത്താമെന്നുളള അവസരം ഇതിലൂടെ തെളിയും. ജോലികളിലൂടെയാണ് ഇത്തരം കഠിനാധ്വാനങ്ങൾക്ക് ഫലം കിട്ടേണ്ടത്. സ്പോർട്സിന് വേണ്ടി ജീവിതത്തിൽ ചിലവഴിച്ചതിന് ശേഷം ജോലിയ്ക്ക് വേണ്ടി പഠിക്കുന്നത് ബുദ്ധിമുട്ടാണെന്നും താരം കൂട്ടിച്ചേർത്തു.
Comments