കൊച്ചി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് നിരവധി ഇളവുകളുമായി കൊച്ചി മെട്രോ. പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപയായി മെട്രോ പ്രഖ്യാപിച്ചു. 30, 40, 50, 60 രൂപ ടിക്കറ്റുകൾ യഥാക്രമം 10,20,30,40 രൂപ ഇളവിലായിരിക്കും യാത്രക്കാർക്ക് നാളെ ലഭിക്കുക.
കൊച്ചി മെട്രോയുടെ മിനിമം ടിക്കറ്റ് നിരക്ക് നാളെ പത്ത് രൂപയായിരിക്കും. രാവിലെ ആറ് മണി മുതൽ രാത്രി 11 മണി വരെ ഈ നിരക്കിൽ യാത്ര ചെയ്യാനാകും. പേപ്പർ ക്യൂ ആർ, ഡിജിറ്റൽ ക്യൂആർ, കൊച്ചി വൺ കാർഡ് എന്നിവക്കും ഈ ഇളവ് ലഭിക്കും. കൂടാതെ കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്കായിട്ടായിരിക്കും ഈ ഇളവ് ലഭിക്കുക.
ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിച്ചു തുടങ്ങുന്നു എന്നത് മുഖവിലയ്ക്കെടുത്താണ് യാത്രക്കാർക്കായി ഇളവുകൾ പ്രഖ്യാപിക്കുന്നത്. വിവിധ ആഘോഷങ്ങൾ പ്രമാണിച്ചും പ്രത്യേക ദിവസങ്ങളിലും യാത്രക്കാർക്കായി ആകർഷകമായ ഇളവുകൾ കൊച്ചി മെട്രോ നേരത്തെയും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments