എ.ഐ ക്യാമറകൾ ഉയർത്തിയ വിവാദം കെട്ടടങ്ങുന്നതിന് മുമ്പേ ഡ്രോൺ ക്യാമറകൾ വാങ്ങാനുള്ള പുറപ്പാടിൽ മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമലംഘകരെ പിടികൂടാനായി 232 കോടി രൂപ ചെലവിലാണ് റോഡുനീളെ എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ ഇത് ഉയർത്തിയ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ 400 കോടി കൂടി മുടക്കി ഡ്രോൺ ക്യാമറകൾ വാങ്ങാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.
നിലവിൽ മോട്ടോർ വാഹന വകുപ്പ് ഗതാഗതവകുപ്പിന് സമർപ്പിച്ചിരിക്കുന്ന പദ്ധതി റിപ്പോർട്ട് പ്രകാരം 200 ഡ്രോൺ ക്യാമറകൾ വാങ്ങണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഡ്രോൺ ക്യാമറ ഒന്നിന് രണ്ടുകോടിയോളം രൂപയാണ് ചെലവു കണക്കാക്കുന്നത്. എന്നാൽ എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതിനു മുമ്പുതന്നെ ഡ്രോൺ ക്യാമറയുടെ സാദ്ധ്യതകൾ ബോദ്ധ്യപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ് ശ്രമം തുടങ്ങിയിരുന്നു. മാത്രമല്ല ഇതിനായി കേന്ദ്രസഹായം ലഭ്യമാക്കാനുള്ള സാദ്ധ്യതയും തേടുന്നുണ്ട്.
കേരളത്തിൽ റോഡപകടങ്ങൾ കുറയ്‌ക്കാനും അപകട മരണനിരക്ക് കുറയ്‌ക്കാനുമുള്ള പദ്ധതിയെന്ന നിലയ്‌ക്കാണ് കേന്ദ്രത്തെ സമീപിക്കുന്നത്. ഈ ആവശ്യത്തിൽ കേന്ദ്രം സഹായിക്കാതിരിക്കില്ല എന്ന പ്രതീക്ഷയാണ് മോട്ടോർ വാഹന വകുപ്പിനുള്ളത്. ഇപ്പോൾ എഐ ക്യാമറകളില്ലാത്ത മേഖലകളിലാകും പുതിയ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കുന്നത്. ഉൾപ്രദേശങ്ങളിൽ നടക്കുന്ന നിയമലംഘനങ്ങളെല്ലാം കണ്ടുപിടിച്ച് ശിക്ഷാനടപടി സ്വീകരിക്കും. ഇത്തരത്തിൽ അമിതവേഗം ഉൾപ്പെടെ നിരത്തുകളിലെ എല്ലാ നിയമലംഘനങ്ങളും പിടികൂടുകയാണ് ഡ്രോൺ ക്യാമറകളുടെ ലക്ഷ്യമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
Comments