ധർമ്മത്തിനാണ് ആത്യന്തിക വിജയമെന്ന് തെളിയിച്ചു കൊണ്ട് യുദ്ധകാണ്ഡം 62-)o സർഗ്ഗം അവസാനിക്കുമ്പോൾ സീതാ സംഗമവും, രാമന്റെ മടക്കയാത്രയും ഭരതനുമായുള്ള സംഗമവും രാമാഭിഷേകവുമായി തുടരുന്നു.വിഭീഷണനെ ലങ്കാധിപനായി അഭിഷേകം ചെയ്യപ്പെടുന്നതോടെ രാജാവിന്റെ അനുവാദം വാങ്ങി സീതയെ കണ്ടു വരുവാൻ ഹനുമാനെ ചുമതലപ്പെടുത്തുന്നു. താൻ നേടിക്കൊടുത്ത അധികാരമാണ് വിഭീഷണൻ അനുഭവിക്കുന്നതെങ്കിലും രാജാവ് എന്ന സ്ഥാനത്തെ മാനിക്കപ്പെടേണ്ടതാണ് എന്ന സാമാന്യ മര്യാദ പാലിക്കപ്പെടേണ്ടതാണെന്ന കാര്യം കൂടി രാമൻ ഓർമ്മിപ്പിക്കുകയാണ്.
സീതയെ സമീപിച്ച് യുദ്ധവിശേഷവും രാമവൃത്താന്തവും അറിയിച്ച വായുപുത്രനെ തന്റെ സന്തോഷം സീത അറിയിക്കുന്നു. എന്നു മാത്രമല്ല മധുരവചനങ്ങൾ തന്നോടു പറഞ്ഞ മാരുതിയുടെ വാഗ്വൈഭവത്തെ വാഴ്‌ത്താനും സീത മടിക്കുന്നില്ല. സീതയെ വാക്കുകൾ കൊണ്ട് നോവിച്ച നിശാചരികളെ ശിക്ഷിക്കാൻ ഹനുമാൻ അനുവാദം ചോദിക്കുന്നു. രാവണദാസികൾ അവരുടെ യജമാനനെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ ശിക്ഷയർഹിക്കുന്നില്ലെന്നുമാണ് സീതയുടെ പ്രതിവചനം. തന്റെ സ്വാമിക്കു പറ്റിയ സഹധർമ്മിണി തന്നെയെന്ന് ഹനുമാൻ മനസ്സിലുറപ്പിക്കുന്നു. രാമനെക്കാണാനുള്ള അത്യാഗ്രഹം സീത ഹനുമാനോട് അറിയിക്കുന്നു.
രാമസ്വാമിയുടെ മുമ്പിലെത്തി ഹനുമാൻ വിവരം പറയുന്നു. വിഭീഷണനോട് സീതയെ സ്നാനം ചെയ്യിച്ച് തന്റെ മുമ്പിൽ ഹാജരാക്കാൻ രാമൻ നിർദ്ദേശിക്കുന്നു. സീതയെ കണ്ട് വിവരം പറയുന്ന വിഭീഷണനോട് കുളി പോലും കഴിക്കാതെ തന്റെ ഭർത്തൃ സവിധത്തിലെത്താനുള്ള തിടുക്കം സീത അറിയിക്കുന്നു. എന്നാലും തന്റെ സ്വാമി പറഞ്ഞ പ്രകാരം സീതയെ കുളിപ്പിച്ച് വസ്ത്രാഭരണങ്ങൾ അണിയിച്ച് എത്തിക്കാൻ നിർദ്ദേശം നൽകി രാക്ഷസ രാജാവ് മടങ്ങുന്നു.
സീത ശ്രീരാമനെക്കാണാനെത്തുന്ന വാർത്തയറിഞ്ഞ് തിക്കിത്തിരക്കുന്ന വാനരരെ നിയന്ത്രിക്കുവാൻ വളരെ പാടുപെടുകയാണ് അംഗരക്ഷകർ. പല്ലക്കിൽ എത്തുന്ന സീതയെ താഴെയിറക്കി എല്ലാവർക്കും ദർശനം ലഭിക്കും വിധം നടത്തിക്കൊണ്ടു വരുവാൻ രാമൻ നിർദ്ദേശിക്കുന്നു. ഏതൊരു കാര്യത്തിനാണോ താനും സഹചരന്മാരും കഠിനമായ പ്രയത്നങ്ങൾ നടത്തിയത് അവയെല്ലാം സഫലമായി സീത കടന്നു വരുമ്പോൾ രാമൻ തികച്ചും ഉദാസീനനായി കാണുന്നു.
എന്നു മാത്രമല്ല താൻ സീതയെ നേടാനല്ല ഈ യുദ്ധം ചെയ്തതെന്നും തന്റെ കുലത്തിന്റെ യശസ്സിനു വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നുമുള്ള വിചിത്രമായ നിലപാടെടുക്കുന്നു. സീതയോട് അതിക്രൂരമായ വാക്കുകൾ പറയാനും മടിക്കുന്നില്ല. രാക്ഷസരാജാവിനാൽ കളങ്കിതയായ സീതയ്‌ക്ക് ഇനി ഇഷ്ടമുള്ള ആരെയും സ്വീകരിക്കാമെന്നും തനിക്കിനി സീതയെ വേണ്ടെന്നുമുള്ള വിചിത്രമായ നിലപാടെടുക്കുന്നു. തന്റെ പ്രാണനാഥൻ ഇരുകയ്യും നീട്ടി തന്നെ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ എത്തിയ സീത അഗ്നിയിൽ പ്രാണ ത്യാഗം ചെയ്യാൻ തീരുമാനിക്കുന്നു.
മായ പൊന്മാനായി വന്ന് മാരീചൻ കബളിപ്പിച്ചപ്പോൾ, ലക്ഷ്മണനെ തെറ്റിദ്ധരിച്ച്, പരുഷ വചനങ്ങൾ പറഞ്ഞ അതേ സീത ലക്ഷ്മണനോട്, പ്രാണ ത്യാഗം ചെയ്യാനായി, അഗ്നിജ്വലിപ്പിക്കാൻ ആവശ്യപ്പെടുന്നു. മനുഷ്യമനസ്സിന്റെ അറിയാക്കയങ്ങളും, ഇഴ പിരിച്ചെടുക്കാനാവാത്ത ധർമ്മാധർമ്മങ്ങളുടെ ഗൂഢതകളും ചോദ്യചിഹ്നമായി ആദികവി മാനവരാശിക്കു മുന്നിൽ വയ്‌ക്കുകയാണ്. (രാമൻ രണ്ടു കയ്യും നീട്ടി സീതയെ സ്വീകരിച്ചു എന്നു പറഞ്ഞാലും കഥ അവസാനിക്കുമായിരുന്നു.) അഗ്നിയിൽ പ്രവേശിച്ച സീതയെ അഗ്നിദേവൻ തിരികെ ശ്രീരാമ സമക്ഷം എത്തിച്ചു എന്നാണ് വാൽമീകി പറയുന്നത്. തുടർന്ന് ബ്രഹ്മാവും ദേവേന്ദ്രനും മാത്രമല്ല മരണപ്പെട്ട, പിതാവായ, ദശരഥനും എത്തി രാമനെ അനുഗ്രഹിച്ചത്രേ. അതിനു ശേഷമാണ് സീതയെ രാമൻ സ്വീകരിക്കുന്നത്.
ഒരു ദിവസം എല്ലാവരും വിശ്രമിക്കാനും ക്ഷീണം തീർത്ത ശേഷം മടക്കയാത്ര ആരംഭിക്കാമെന്നും ശ്രീരാമൻ നിർദ്ദേശിക്കുന്നു. പുഷ്പകവിമാനത്തിൽ അയോദ്ധ്യയിലേക്ക് മടങ്ങാമെന്ന വിഭീഷണനിർദ്ദേശം രാമൻ സ്വീകരിക്കുന്നുണ്ടെങ്കിലും ലങ്കാനഗരിയിൽ പ്രവേശിക്കാൻ തയ്യാറാകുന്നില്ല.
പിറ്റേന്ന് പുഷ്പകവിമാനത്തിൽ യാത്ര പുറപ്പെടുന്ന രാമലക്ഷ്മണന്മാരോടൊപ്പം യാത്ര ചെയ്യുവാൻ സുഗ്രീവനാദി വാനരപ്രമുഖരും വിഭീഷണനും ആഗ്രഹം പ്രകടിപ്പിക്കുന്നു. അതിന് രാമൻ അനുവാദം കൊടുക്കുന്നു. വിമാനയാത്രയ്‌ക്കിടയിൽ താഴെക്കാണുന്ന കാഴ്ചകൾ പ്രിയതമയ്‌ക്ക് പറഞ്ഞു കൊടുക്കുന്ന രാമനെയാണ് നാം കാണുന്നത്. കിഷ്കിന്ധയിൽ ഇറങ്ങി വാനര ഭാര്യമാരെയും കൂട്ടിയാണ് യാത്ര തുടരുന്നത്. ഭരദ്വാജനെക്കണ്ട് അനുഗ്രഹം വാങ്ങിയുളള മടക്ക യാത്രയിൽ ഗുഹനെക്കാണാനും മടിക്കുന്നില്ല.
ഭരതനെ കാണാനും ഇംഗിതമറിയാനും മാരുതിയെ ദൂതനായി അയയ്‌ക്കുന്നു. ശ്രീരാമ പാദുകം വച്ച് പൂജിച്ച് രാജ്യഭരണം നടത്തുന്ന ഭരതനാകട്ടെ മാരുതിയെ ഗാഢം പുണർന്ന് ജ്യേഷ്ഠനെ കാണാനുള്ള അത്യാഗ്രഹം പറയുന്നു. സീതാസമേതനായി എത്തിച്ചേരുന്ന രാമനെക്കാത്ത് അയോദ്ധ്യാ വാസികളും നഗര ഗ്രാമങ്ങളിലെല്ലാം തടിച്ചു കൂടുന്നു.
പുഷ്പകവിമാനത്തിൽ എത്തിച്ചേർന്ന രാമലക്ഷ്മണന്മാരും സീതയും സുഗ്രീവനും വിഭീഷണനും അവരുടെ ഭാര്യമാരും അയോദ്ധ്യയിലെ അത്ഭുതക്കാഴ്ചകളിൽ അമ്പരന്നു പോയി.രാമാഭിഷേകം നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തു വച്ച ഭരതൻ താനിത്രയും കാലം സൂക്ഷിച്ചു വച്ച ശ്രീരാമപാദുകങ്ങൾ തൃച്ചേവടിയിൽ ചേർത്തു വച്ച് നമസ്ക്കരിച്ച് കൃതാർത്ഥനായി.
അയോദ്ധ്യയെ രാമപാദങ്ങളിൽ സമർപ്പിക്കുന്നതോടെ രാമന്റെ പട്ടാഭിഷേകം നടക്കുകയായി. നാലു സമുദ്രങ്ങളിൽ നിന്നും പുണ്യനദികളിൽ നിന്നും ജലം കൊണ്ടഭിഷേകം ചെയ്ത് സീതാസമേതനായി വിളങ്ങുന്ന ഉജ്വലനായ രാമ സീതാ വിഗ്രഹത്തെ ജനമനസ്സുകളിൽ എന്നും വിളങ്ങും വിധം ആദികവി അവതരിപ്പിക്കുന്നു. രാമത്വം എന്നും വിളങ്ങണമെന്നും എല്ലാവരും രാമന്മാർ ആയി മാറണമെന്നും രാവണത്വം ഇല്ലാതാകണമെന്നും പറയുക കൂടിയാണ്.
പിന്നീടുള്ള ഉത്തര രാമായണം കേരളത്തിൽ വായിക്കുക പതിവില്ല. അത് പിന്നീട് എഴുതിച്ചേർത്തതാണെന്നും ഒരു വിശ്വാസമുണ്ട്. ഇതിനു പിന്നിൽ ട്രാജഡി വേണ്ടെന്ന ചിന്തയുമാകാം.
‘അസതോ മാ സത്ഗമയ’ എന്ന ഉപനിഷത് വാക്യത്തെ സാധാരണക്കാർക്ക് മനസ്സിലാകും വിധം കഥയായ് ചമയ്‌ക്കുമ്പോൾ ആദികവിയുടെ കവനമികവിൽ ചരിത്ര പുരുഷനായ രാമന് ദൈവിക പരിവേഷം എങ്ങും നൽകുന്നില്ല. എന്നു മാത്രമല്ല രാമനെന്ന മനുഷ്യന് പറ്റുന്ന തെറ്റുകൾ മറച്ചുവയ്‌ക്കുന്നുമില്ല. രാമന് തെറ്റുപറ്റാമെങ്കിൽ നമുക്കും തെറ്റുപറ്റാം എന്ന് ഓർമ്മിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. (സീതയെ സ്വീകരിക്കുന്ന സമയത്ത് ബ്രഹ്മാവും ഇന്ദ്രനും ഒക്കെ വന്ന് വിഷ്ണു തന്നെയാണ് രാമൻ എന്നൊക്കെപ്പറയുന്നത് പിന്നീട് കൂട്ടിച്ചേർത്താണോ എന്ന് സംശയിക്കുന്നതിൽ തെറ്റില്ല.)
നാം രാമന്റെ കൂടെയാണോ രാവണന്റെ കൂടെയാണോ എന്ന് തീരുമാനിക്കാൻ രാമായണം പറയുന്നു.
– *ശുഭം* –
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments