അവനെ അവര്‍ യൂറോപ്പില്‍ നിന്ന് പുറത്താക്കി..എന്നാല്‍ ഒരു യൂറോപ്പിനെ തന്നെ അവന്‍ സൗദിയിലെത്തിച്ചു..ഇക്കാര്യം പറഞ്ഞാല്‍ കുറച്ചുകാലം മുന്‍പ് വരെ ഫുട്‌ബോള്‍ ആരാധകര്‍ കളിയാക്കി ചിരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോക ഫുട്‌ബോളില്‍ ഒരു പ്രതിഭകൂടി സൗദിയിലേക്ക് ചേക്കേറിയതോടെ അക്കാര്യം ഫുട്‌ബോള്‍ പണ്ഡിതന്മാരും ആരാധകരും ഒരുപോലെ അടിവരയിട്ട് സമ്മതിക്കുന്നു.
ഖത്തര്‍ ലോകകപ്പിന് പിന്നാലെ അല്‍ നസ്‌റിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ഒരു കമന്റ് ചെയ്തിരുന്നു. സൗദി അറേബ്യ കൃത്യമായ പദ്ധതിയുമായാണ് മുന്നോട്ടു പോകുന്നതെന്നും ലോകത്തിലെ മികച്ച അഞ്ചു ലീഗുകളിലൊന്നാവാന്‍ അവര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്നത് പലരും ചിരിച്ചു തള്ളി. എന്നാല്‍ പിന്നീട് സൂപ്പര്‍ പരിശീലകരായ ഗാര്‍ഡിയോളയും ക്ലോപ്പും അടക്കമുള്ളര്‍ക്ക് ഇത് ഭീതിയോടെ തുറന്നു പറയേണ്ടിവന്നു. സൗദി അപ്പോഴേക്കും ക്ലബ് ഫുട്‌ബോളില്‍ ഏറെ ദൂരം താണ്ടിയിരുന്നു.
അതേസമയം സൗദി പ്രൊ ലീഗ് ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. ഇതിനുള്ള ചര്‍ച്ചകള്‍ യുവേഫയുമായി സൗദി അറബ്യേന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്നുണ്ട്. 2025 ഓടെ നടന്നേക്കുമെന്നാണ് വിവരം.
യൂറോപ്യന്‍ ഫുട്‌ബോളിനെ പണക്കൊഴുപ്പു കൊണ്ട് മറികടക്കാന്‍ സൗദി നടത്തുന്ന ശ്രമങ്ങള്‍ വിജയകരമായി മുന്നോട്ടു പോവുകയാണ്. യൂറോപ്പിലെ മുന്‍നിര ക്ലബുകളില്‍ നിന്ന് നിരവധി വമ്പന്‍ താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് ചേക്കേറി. ആദ്യം തുടക്കമിട്ടത് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റൊണാള്‍ഡോ ആണ്. മാഞ്ചസ്റ്ററുമായി ഉടക്കി പിരിഞ്ഞ ശേഷമായിരുന്നു റെക്കോര്‍ഡ് തുകയ്‌ക്ക് താരത്തിന്റെ സൗദി കൈമാറ്റം. പിന്നാലെ കാന്റെ,മെന്‍ഡി, ബെന്‍സെമ, ഫിര്‍മിനോ,മാനേ,മഹ്‌റെസ്,ഹെന്‍ഡേഴ്സണ്‍,മാല്‍ക്കം,റൂബന്‍ നെവസ്,അലക്‌സ് ടെല്ലസ്,ജോട്ട,കൗലിബാലി ഒടുവില്‍ ദാ നെയ്മറും
ചുരുക്കിപ്പറഞ്ഞാല്‍ വമ്പന്‍ തുക മുടക്കി താരങ്ങളെ സ്വന്തമാക്കുന്ന ക്ലബുകളെല്ലാം സൗദി ഗവണ്മെന്റിന്റെ കീഴിലാണ്. സൗദി പ്രൊ ലീഗിന്റെ പദ്ധതിയല്ല, മറിച്ച് ഗവണ്മെന്റ് തന്നെയാണ് ഈ താരങ്ങളെ സ്വന്തമാക്കാനുള്ള പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതെന്ന് വ്യക്തം. വരുന്ന ട്രാന്‍സ്ഫര്‍ ജാലകങ്ങളിലും കൈമാറ്റം തുടര്‍ന്നാല്‍ യൂറോപ്യന്‍ ഫുട്‌ബോളിന്റെ നിലനില്‍പ്പിനെ തന്നെ ഇത് ബാധിച്ചേക്കും.
Comments