മലപ്പുറം: 2.20 കോടി രൂപയ്‌ക്ക് വാങ്ങിയ രണ്ട് ഏക്കർ സ്ഥലം സ്റ്റേഡിയം നിർമ്മിക്കുന്നതിനായി ഇഷ്ടദാനം നൽകി നിലമ്പൂർ സ്വദേശിയായ അകമ്പാടം കൊന്നോല കാർത്യായിനിയമ്മ. കേരള കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഭവനയാണ് കാർത്യായിനിയമ്മ നൽകിയിരിക്കുന്നത്. നിലമ്പൂർ ചാലിയാറിലാണ് സ്റ്റേഡിയം നിർമ്മിക്കുക.
ഇഷ്ടദാനം നൽകിയ ശേഷം കാർത്യായിനിയമ്മയ്‌ക്ക് ഒരു വ്യവസ്ഥ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്റ്റേഡിയം ഭർത്താവ് പരേതനായ കുന്നത്ത് അപ്പുണ്ണി നായരുടെ പേരിലായിരിക്കണം. അതിന് ആർക്കും എതിർപ്പുമുണ്ടായിരുന്നില്ല. ഓണത്തിന് ബംബറടിച്ച പ്രതീതിയാണ് ചാലിയാർ പഞ്ചായത്തിലുള്ളവർക്ക്. കാർത്യായിനിയമ്മയുടെ പേരിൽ അകമ്പാടം അങ്ങാടിയിൽ 80 സെന്റ് സ്ഥലമുണ്ടായിരുന്നു. ഇത് കുട്ടികളുടെ കളിസ്ഥലമായതാനൽ ഇതിനുള്ള അനുവാദം അപ്പുണ്ണി നായർ നൽകിയിരുന്നു.
2021 ഏപ്രിലിൽ അപ്പുണ്ണി നായർ മരിച്ചു. അതിന് ശേഷം ഈ സ്ഥലം വിൽക്കാൻ തീരുമാനിച്ചപ്പോൾ കായിക പ്രേമികളും പഞ്ചായത്തും ആശങ്കയിലായിരുന്നു. തന്റെ ഭർത്താവ് കളിക്കാനായി കുട്ടികൾക്ക് നൽകിയ സ്ഥലം വിൽക്കുന്നതിൽ കാർത്യായിനിയമ്മയ്‌ക്കും സങ്കടമുണ്ടായിരുന്നു. എന്നാൽ ഈ സ്ഥലം വിറ്റ് കിട്ടിയ പണം കൊണ്ട് മറ്റൊരിടത്ത് സ്ഥലം വാങ്ങി നൽകുക എന്നതായിരുന്നു കാർത്യായിനിയമ്മയുടെ തീരുമാനം. തുടർന്ന് കഴിഞ്ഞ വർഷം 80 സെന്റ് സ്ഥലം വിറ്റു. വിറ്റ് കിട്ടിയ പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ച് സമീപത്ത് തന്നെ കാർത്യായിനിയമ്മയുടെ പേരിൽ രണ്ട് ഏക്കർ സ്ഥലം വാങ്ങുകയും പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ അത് ഇഷ്ടദാനം നൽകുകയുമായിരുന്നു.
Comments