പാലക്കാട്: പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടിയ കാട്ടാന പിടി സെവന് കാഴ്ചശക്തി തിരികെ ലഭിക്കുന്നതായി സൂചന. തൃശ്ശൂരിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെ കാഴ്ചശക്തി വീണ്ടെടുക്കാൻ പിടി സെവന് നടത്താനിരുന്ന നേത്ര ശസ്ത്രക്രിയ ഉടൻ വേണ്ടെന്ന് തീരുമാനിച്ചു.
ധോണിയിൽ വനം വകുപ്പ് പിടികൂടി ചട്ടം പഠിപ്പിക്കുകയായിരുന്ന കാട്ടുക്കൊമ്പൻ പിടി സെവന് ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു എന്നത് വലിയ ചർച്ചയായിരുന്നു. ഹൈക്കോടതിയുടെ വിദഗ്ധ സമിതിയാണ് കാഴ്ച പ്രശ്നം സ്ഥിരീകരിച്ചത്. തുടർന്ന് ആനയുടെ കാഴ്ച വീണ്ടെടുക്കാനായി നേത്ര ശസ്ത്രക്രിയ നടത്താൻ വനവകുപ്പ് തീരുമാനിച്ചിരുന്നു. ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം, ശസ്ത്രക്രിയക്കുള്ള ആരോഗ്യം ആനയ്ക്കുണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ദിവസം തൃശ്ശൂർ വെറ്റിനറി സർവ്വകലാശാലയിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പിടി സെവന് കാഴ്ച വീണ്ടെടുക്കുന്നതായി കണ്ടെത്തിയത്. ഇതോടെ ആനയ്ക്ക് മുൻപ് തീരുമാനിച്ചിരുന്ന നേത്ര ശസ്ത്രക്രിയ ഉടൻ വേണ്ടെന്ന് വനം വകുപ്പ് തീരുമാനിച്ചു. നിലവിൽ കണ്ണിൽ നൽകുന്ന തുള്ളി മരുന്നുകളോടൊപ്പം, ഭക്ഷണ മാർഗവും മരുന്ന് നൽകാനും ധാരണയായി. ഇതോടൊപ്പം ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ തന്നെ പിടി സെവനുള്ള വിദഗ്ദ ചികിത്സ തുടരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments