ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വസമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യത്തെ നോൺ-എസി വന്ദേ ഭാരത് ട്രെയിൻ ഒക്ടോബറിൽ ആരംഭിക്കാൻ പദ്ധതിയിടുന്നതായി റെയിൽവേ അറിയിച്ചു. വന്ദേ ഭാരതിന് സമാനമായ രീതിയിലായിരിക്കില്ല ഇതിന്റെ നിർമ്മാണമെന്നാണ് വിവരം. എസി വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ച് ഈ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി പരിമിതപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ജനലുകൾ തുറന്നിട്ട് വളരെ വേഗത്തിൽ ട്രെയിൻ ഓടിക്കുന്നത് നല്ലതല്ലെന്ന കണ്ടെത്തലിനെ തുടർന്നാണിത്.
ആദ്യ നോൺ എസി വന്ദേ ഭാരത് ട്രെയിനിൽ 21 കോച്ചുകളും രണ്ട് ലോക്കോമോട്ടീവുകളും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വേഗത ആഗിരണം ചെയ്യുന്ന എച്ച്എൽബി കോച്ചുകളാണ് നോൺ എസി വന്ദേ ഭാരത് ട്രെയിനിലും ഉപയോഗിക്കുക. വേഗത്തിൽ സഞ്ചരിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ലോക്കോമോട്ടീവ് ഓരോ മൂലയിലും പുഷ്-പുൾ ഓപ്പറേഷനായി ട്രെയിനുമായി ബന്ധിപ്പിക്കും. വന്ദേ ഭാരതിന് സമാനമായി മികച്ച സൗകര്യങ്ങളാണ് ഇതിലും നൽകുക. കുലുക്കം തോന്നാതിരിക്കാനുള്ള സംവിധാനവും നോൺ എസ് വന്ദേ ഭാരതിലുണ്ട്. ഓരോ കോച്ചിലും അലാറം സംവിധാനം, എമർജൻസി അലാറം എന്നിവയും സുരക്ഷ മുൻ നിർത്തിയുണ്ടാകും.
ചെന്നൈയിലെ ഇൻഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്.) നോൺ-എസി വന്ദേ ഭാരതിന്റെ നിർമ്മാണം നടക്കുന്നത്. റെയിൽ ഗതാഗത മേഖലയിൽ വമ്പൻ മാറ്റത്തിനൊരുങ്ങുകയാണ് ഐസിഎഫ്. 30 വ്യത്യസ്ത വകഭേദങ്ങളിലായി 3,241 കോച്ചുകൾ നിർമ്മിക്കാനാണ് ഐസിഎഫ് പദ്ധതിയിടുന്നത്. ഹ്രസ്വദൂര യാത്രകൾക്കായി വന്ദേ മെട്രോ അതിലൊന്നാണ്. യാത്രക്കാർക്ക് വേഗത്തിൽ കയറി ഇറങ്ങാനായി രണ്ട് വാതിലുകളാണ് ഇതിൽ സജ്ജീകരിക്കുക. മെച്ചപ്പെട്ട സൗകര്യങ്ങളുമായി വന്ദേ ഭാരത് സ്ലീപ്പറും നിരത്തിലിറക്കാനുള്ള പദ്ധതിയിലാണ് ഐസിഎഫ്.
Comments