ഒരുപിടി മികച്ച മലയാള സിനിമകൾ സമ്മാനിച്ചിട്ടുള്ള നിർമ്മാതാവും നടനുമാണ് ദിനേശ് പണിക്കർ. ദിനേശ് പണിക്കർ നിർമ്മിച്ച സുരേഷ് ഗോപി ചിത്രമായ രജപുത്രനിൽ തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രം അഭിനയിച്ചിരുന്നു. കരിയറിന്റെ തുടക്കത്തിൽ മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് തമിഴിലെ സൂപ്പർ സ്റ്റാറായ ആളാണ് വിക്രം. ഇപ്പോഴിതാ വിക്രമുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറയുകയാണ് ദിനേശ് പണിക്കർ.
”വിക്രം അന്ന് ഒരു സാധാരണ താരമാണ്. നല്ല കഴിവുണ്ട്, ഡാൻസ് ചെയ്യും, കാണാനും നല്ല ലുക്കാണ്. മലയാളത്തിൽ അന്ന് കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അത്രയും വലിയ നടനായിരുന്നില്ല. രജപുത്രൻ സിനിമയിൽ നല്ല വേഷമാണ് ചെയ്തത്. പത്ത് നാൽപത് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നതോടെ ഞങ്ങൾ വളരെ അടുപ്പമുള്ളവരായി മാറി. തിരക്കുകൾ മൂലം ഞങ്ങളുടെ ആ അടുപ്പത്തിന് ഇടയ്ക്ക് ഇടവേളകളുണ്ടായി. ”
”പിന്നീട് തമ്മിൽ ആദ്യമായി കാണുന്നത് 2000 ത്തിലാണ്. അന്ന് ഞാൻ ഉദയപുരം സുൽത്താൻ എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യാൻ ചെന്നെെയിൽ നിൽക്കുകയാണ്. സ്റ്റുഡിയോയ്ക്ക് പുറത്ത് എന്നെ കാണാൻ വിക്രം കാത്തിരിക്കുന്നു. അദ്ദേഹം ആഗ്രഹിച്ചത് പോലെ ഒരു വലിയ നടനാകാൻ കഴിയാത്തതിന്റെ വിഷമം ആ മുഖത്ത് കാണാമായിരുന്നു. എന്നെ കണ്ടതും അവൻ വലിയ സന്തോഷത്തോടെ ഓടിവന്നു. താനൊരു പുതിയ പടത്തിൽ അഭിനയിച്ചെന്നും, ആ പടത്തിന്റെ ഡിസ്ട്രിബ്യൂഷൻ എന്നോട് എടുക്കണം എന്നും വിക്രം ആവശ്യപ്പെട്ടു. എന്നാൽ എന്റെ എന്റെ കൈയിൽ പണം ഇല്ലെന്ന് ഞാൻ വളരെ സ്നേഹത്തോടെ തന്നെ മറുപടി നൽകി. ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് അവൻ പറഞ്ഞെങ്കിലും അന്ന് അവന് കൈ കൊടുത്ത് തിരിച്ച് വിട്ടതല്ലാതെ ആ പടം ഞാനെടുത്തില്ല. അതിന് ശേഷം വിക്രമിനെ ഞാൻ കണ്ടിട്ടില്ല. ”
”അന്നവൻ അഭിനയിച്ച ആ പടം സേതു ആയിരുന്നു. പിന്നെ നടന്നത് ചരിത്രമാണ്. വിക്രമിന്റെ കരിയറിലെ പ്രധാന ചിത്രമായി മാറി. തിയേറ്ററുകളിൽ 100 ദിവസത്തിലധികം ഓടി, നിരവധി ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. വിക്രം തമിഴിലെ സൂപ്പർ സ്റ്റാറായി മാറി. വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ സീരിയൽ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് ലൊക്കേഷനിൽ നിൽക്കുമ്പോൾ, അവിടെ മാദ്ധ്യമ പ്രവർത്തകർ വന്നു. സാറിന്റെ പ്രതികരണം വേണമെന്ന് പറഞ്ഞു. ഞാൻ ചോദിച്ചു എന്തിനെ പറ്റി ആണെന്ന്. വിക്രമിന് ഇഷ്ടപ്പെട്ട പ്രൊഡ്യൂസർ ആരാണെന്ന് അവർ ചോദിച്ചിരുന്നു. മനസ്സിൽ തങ്ങി നിൽക്കുന്ന പ്രൊഡ്യൂസർ ആയി അദ്ദേഹം ചേട്ടന്റെ പേരാണ് പറഞ്ഞതെന്നാണ് അവർ പറഞ്ഞത്. ”
”ഇതുകേട്ടതോടെ ഞാൻ ഞെട്ടി. 15 വർഷം കഴിഞ്ഞും അയാൾ എന്നെ ഓർമിക്കുന്നു. ഇതിന് പിന്നാലെ വിക്രമിന്റെ കോൾ വന്നു. എന്ത് പറയുന്നു ചേട്ടാ എന്ന് ചോദിച്ച്, ദിവസവും സംസാരിക്കുന്ന രീതിയിലായിരുന്നു അന്ന് വിക്രം എന്നോട് സംസാരിച്ചത്. 1996 ൽ കണ്ട അതേ വിക്രമായി തന്നെയായിരുന്നു അന്നും അദ്ദേഹം സംസാരിച്ചത്. പതിനഞ്ച് വർഷത്തിന് ശേഷം എന്നെ പരിഗണിച്ചുകൊണ്ട് മധുരപ്രതികരമാണ് അദ്ദേഹം എന്നോട് ചെയ്തത്” എന്നും ദിനേശ് പണിക്കർ ഓർക്കുന്നു.
Comments