തിരുവനന്തപുരം: കേരളം സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പദ്ധതി ഉപേക്ഷിച്ചാൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടുന്ന 10000 കോടിരൂപയുടെ സബ്സിഡി നഷ്ടമാകും. ഇക്കാര്യം ചർച്ച ചെയ്യാൻ 25 ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സിപിഎം കേന്ദ്രകമ്മിറ്റി പദ്ധതി നടപ്പിലാക്കേണ്ട എന്ന നിലപാടുമായി മുന്നോട്ട് പോകുമ്പോഴാണ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പദ്ധതിക്ക് ബദൽ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു.
സർക്കാരിന്റെ നയപരമായ വിഷയമായത് കൊണ്ട് വിഷയത്തിൽ രാഷ്‌ട്രീയ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൈദ്യുതി വിതരണ രംഗത്ത് ദേശീയ തലത്തിൽ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന പരിഷ്‌കരണത്തിന്റെ ഭാഗമായാണ് കേന്ദ്ര ഊർജ്ജ മാന്ത്രാലയം സ്മാട്ട് മീറ്ററുകൾ സ്ഥാപിക്കാൻ നിർദ്ദശിച്ചത്. വൈദ്യുതി മീറ്ററുകൾ ടോട്ടക്സ് രീതിയിൽ സ്മാർട്ട് മീറ്ററുകളാക്കി മാറ്റണമെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.
സമാർട്ട് മീറ്റർ സംവിധാനം വരുന്നതോടെ വൈദ്യുതി ഉപയോഗത്തിന് ശേഷം പണം നൽകുന്ന രീതി അവസാനിക്കും. പണം മുൻകൂറായി നൽകിയാൽ മാത്രമേ ഈ രീതിയിൽ കറന്റ് ഉപയോഗിക്കാനാവൂ. മീറ്ററിൽ പണമില്ലെങ്കിൽ കറണ്ടില്ലാതാകും. ടോട്ടക്‌സ് മാതൃക നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാർ ഒരാഴ്ച മുമ്പ് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സ്മാർട് മീറ്റർ പദ്ധതി നടപ്പിലാകുന്നതോടെ ഓരോ മേഖലയിലും വൈദ്യുതി ഉപഭോഗവും വരുമാനവും കൃത്യമായി തിരിച്ചറിയാനാവും.
















Comments