ബെംഗളൂരു: വരുമാനം വർദ്ധിപ്പിച്ച് കാണിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ബൈജൂസ് ലേണിംഗ് ആപ്പിൽ വീണ്ടും കൂട്ടപ്പിരിച്ചു വിടൽ. 100 കണക്കിന് ജീവനക്കാരെയാണ് ഇപ്പോൾ പിരിച്ചു വിട്ടിരിക്കുന്നത്. പെർഫോമൻസ് വിലയിരുത്തിയുള്ള പിരിച്ചു വിടലെന്നാണ് ബൈജൂസ് നൽകിയിരിക്കുന്ന വിശദീകരണം. കഴിഞ്ഞ മാസവും ബൈജൂസ് ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ നവംബർ മുതൽ ഏകദേശം മൂവായിരത്തോളം തൊഴിലാളികളെയാണ് ബൈജൂസ് ജോലിയിൽ നിന്നും പറഞ്ഞു വിട്ടത്. കൊറോണയ്‌ക്ക് ശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതോടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രസക്തിയും കുറഞ്ഞു. ഇതാണ് ബൈജൂസ് നേരിട്ട പ്രതിസന്ധി. തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബൈജൂസിന്‍റെ ട്യൂഷൻ സെന്‍റർ ഉപഭോക്താക്കളിൽ പകുതിപ്പേരും റീഫണ്ട് ആവശ്യപ്പെട്ടതായാണ് ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നത്.
ഇത് കൂടാതെ, വരുമാനം പെരിപ്പിച്ച് കാണിച്ചതും കമ്പനിക്ക് തിരിച്ചടിയായി. വിദേശ പണമിടപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ ഇഡിയുടെ പരിശോധന കൂടെ നടന്നതോടെ കമ്പനി കൂടുതൽ പ്രതിസന്ധിയിലായി മാറുകയായിരുന്നു.
Comments