ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തുടക്കം കുറിച്ചുകൊണ്ടുള്ള തിരുവോണനാളിനായുള്ള കാത്തിരിപ്പ് ഇന്നാരംഭിക്കുന്നു. ഇന്ന് അത്തം, ഇന്നേക്ക് പത്താം നാളിലാണ് തിരുവോണം. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിനങ്ങൾക്ക് പിന്നിലും ഐതിഹ്യങ്ങളുടെ പെരുമയുണ്ട്.
അത്തം സൂര്യദേവന്റെ ജന്മനാളാണ്. അത്തം മുതൽ ഒരുങ്ങുന്ന അത്തപ്പൂക്കളങ്ങളിൽ ഏറെ പ്രാധാന്യം തുമ്പയ്‌ക്കും മുക്കിറ്റിയ്‌ക്കുമാണ്. ചിത്തിര നക്ഷത്രത്തിൽ ഒരുങ്ങുന്ന അത്തപ്പൂക്കളത്തിൽ പ്രാധാന്യം വെളുത്ത പുഷ്പങ്ങൾക്കാണ്. ചോതി നാളിൽ മുക്കുറ്റിയാൽ അത്തപ്പൂക്കളം നിറയണമെന്നാണ് ഐതിഹ്യം. വിശാഖം നാളിൽ വിവിധ തരത്തിലുള്ള പൂക്കൾ ഇടകലർത്തി വൃത്താകൃതിയിലാണ് കളമൊരുക്കേണ്ടത്. അനിഴത്തിന് പൂക്കളം അഞ്ച് നിറത്തിലുള്ള പൂക്കൾകൊണ്ട് അഞ്ച് വരിയായി ഒരുക്കുകയാണ് ചെയ്യേണ്ടത്. തൃക്കേട്ടയ്‌ക്ക് പൂക്കളം ആറ് നിറത്തിലുള്ള പൂക്കൾ കൊണ്ടാവണമെന്നാണ് വിശ്വാസം. മൂലം നാളിൽ മൂടുവോളം പൂ നിറയ്‌ക്കുക എന്നാണ് ഐതിഹ്യം. പൂരാടം ദിനത്തിൽ പൂരപ്പറമ്പുവരെ നീളുന്ന പൂക്കളമാണ് ഒരുക്കുകയെന്ന് പഴമക്കാർ പറയും. അന്നേ ദിനത്തിൽ കാക്കപ്പൂവിനാണ് പ്രാധാന്യം. ഉത്രാടനാളിൽ സമൃദ്ധമായി പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുകയാണ് പതിവ്. തിരുവോണ നാളിൽ തൃക്കാക്കരയപ്പന്റെ വരവിനായി പൂക്കളം ഒരുക്കുന്നു.
പണ്ട് മുതൽ നാട്ടുപൂക്കളായിരുന്നു പൂക്കളത്തിൽ ഒരുക്കുന്നത്. ഇതിൽ മഹാബലിയുടെ ഇഷ്ടപുഷ്പമാണ് തുമ്പ. ചാണകം മെഴുകിയ തറയിൽ തുമ്പയും തുളസിയും കൊണ്ട് ഒറ്റവരി അത്തം ദിനത്തിൽ തയാറാക്കുന്നു. ഇത് തിരുവോണം ദിനത്തിൽ പത്ത് വരിയായി കളം ഒരുക്കുന്നു. അത്തപ്പൂക്കളത്തിന് തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും നിലനിൽക്കുന്നു. അത്തം മുതൽ തിരുവോണം വരെ തൃക്കാക്കരയപ്പന് എഴുന്നള്ളി ഇരിക്കുവാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. എന്നാൽ തൃക്കാക്കരയിൽ നിന്നും ദൂരെയായി വസിക്കുന്നവർക്ക് തൃക്കാരയപ്പന്റെ സന്നിധിയിലെത്തി പൂക്കളം ഒരുക്കാൻ കഴിയാതെ വന്നപ്പോൾ ഇവരുടെ സങ്കടം അകറ്റുന്നതിനായി വീടുകളിൽ തന്നെ പൂക്കളം ഒരുക്കി അതിൽ തന്നെ പ്രതിഷ്ഠിച്ചു ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുമതി നൽകുകയായിരുന്നു എന്നാണ് ഐതിഹ്യം. ഇതിന് ശേഷമാണ് വീടുകളിൽ പൂക്കളം ഒരുക്കിത്തുടങ്ങിയത് എന്നും പറയപ്പെടുന്നു.
















Comments