ശ്രീനഗർ: ഹുറിത് ഭീകരൻ യാസിൻ മാലിക്കിന്റെ കൂട്ടാളി മുഹമ്മദ് റഫീഖ് പഹ്ലുവിന്റെ ജാമ്യം റദ്ദാക്കാണമെന്നാവശ്യപ്പെട്ട് സിബിഐ ജമ്മുവിലെ പ്രത്യേക ടാഡ കോടതിയെ സമീപിച്ചു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശ്രീനഗർ പോലീസ് കഴിഞ്ഞ മാസം ഇയാളെ അറസ്റ്റ് ചെയ്തത്.
നാല് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥരെ വധിച്ചതുമായി ബന്ധപ്പെട്ട കേസിലും മുഹമ്മദ് റഫീഖ് പഹ്ലവിന് ബന്ധമുണ്ട്. ഇത് കൂടാതെ 1989-ൽ ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകൾ റുബയ്യ സയ്യിദിനെ തട്ടിക്കൊണ്ടുപോയ കേസിലും ഇയാൾക്ക് പങ്കുണ്ട്. ഈ രണ്ട് കേസിലെ ജാമ്യം റദ്ദാക്കാനും കോടതിയിൽ ഹർജി സമർപ്പിച്ചതായി സിബിഐ അഭിഭാഷകൻ മോണിക്ക കോഹ്ലി പറഞ്ഞു. ഈ കേസുകൾ യഥാക്രമം സെപ്റ്റംബർ 16- നും ഒക്ടോബർ 1- നുമാണ് കോടതി പരിഗണിക്കുന്നത്.
റുബയ്യ സയ്യിദിനെ തട്ടിക്കൊണ്ടുപോയ കേസിൽ യാസിൻ മാലികും മുഹമ്മദ് റഫീഖ് പഹ്ലുവും ഉൾപ്പെടെ പത്തോളം ജെകെഎൽഎഫ് ഭീകർക്കെതിരെ 2021 ജനുവരിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 1989 ഡിസംബർ 8 ന് കശ്മീരിലെ നൗഗാമിൽ വെച്ചാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ ഭീകരർ റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് അഞ്ച് കൊടും ഭീകരരെ വിട്ടയച്ചതിന് ശേഷമാണ് മന്ത്രി പുത്രിയെ മോചിപ്പിച്ചത്. നിലവിൽ തീവ്രവാദ ഫണ്ടിംഗ് കേസിൽ ശിക്ഷ ലഭിച്ച് തിഹാർ ജയിലിൽ കഴിയുകയാണ് യാസിൻ മാലിക്.
ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് ജൂലായ് 9 ന് ശ്രീനഗർ പോലീസ് പത്ത് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. കാശ്മീരിൽ യോഗം ചേരുന്നതിനിടയിലാണ് ഇവർ അറസ്റ്റിലായത്. ഈദ് മിലാൻ പാർട്ടിയുടെ മറവിൽ മുഹമ്മദ് യാസിൻ ഭട്ടാണ് യോഗം സംഘടിപ്പിച്ചത്.
Comments