ഓണത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രമോഷനാണ് അണിയറ പ്രവർത്തകർ നടത്തുന്നത്. ലോകത്തെ ഏറ്റവും വിലയേറിയ പരസ്യ ബോര്‍ഡുകളുള്ള ന്യൂയോര്‍ക്ക് ടൈം സ്ക്വയറും സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിരിക്കുകയാണ്. മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പ്രമോഷൻ ഒരു ചിത്രത്തിന് ലഭിക്കുന്നത്.
പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തുന്ന കിംഗ് ഓഫ് കൊത്ത ലോകമെമ്പാടും റിലീസ് ചെയ്യുന്നുണ്ട്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര പ്രീ ബുക്കിംഗ് ആണ് ലഭിക്കുന്നത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്ന് നിർമ്മിച്ച ചിത്രം ഓഗസ്റ്റ് 24 ന് റിലീസ് ചെയ്യും. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിംഗിൽ ഒരു കോടിയിൽ പരം നേടിയ ചിത്രമായി കിംഗ് ഓഫ് കൊത്ത മാറി. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗ് ലിസ്റ്റിലാണ് ചിത്രം.
ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
Comments