മലപ്പുറം: നിലവാരമില്ലാത്ത സമൂസ മേക്കർ നൽകി കബളിപ്പിച്ചതായി പരാതി. കേസിൽ മെഷീന്റെ വിലയും രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. മലപ്പുറം നിറമരുതൂർ സ്വദേശി അബ്ദുൾ സലീം നൽകിയ പരാതിയിലാണ് വിധി.
2000-ത്തിലധികം സമൂസ വൈവിധ്യമാർന്ന തരത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന ഉറപ്പിലാണ് സലീം സ്വകാര്യ കമ്പനിയിൽ നിന്ന് മെഷീൻ വാങ്ങിയത്. കേരളത്തിൽ 5,000-ത്തോളം മെഷീൻ നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു സ്വകാര്യ കമ്പനിയുടെ വിൽപന. പണം നൽകി മൂന്നാം നാൾ മെഷീൻ എത്തിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് സലീം മെഷീൻ ഓർഡർ ചെയ്തു.
2019 ഏപ്രിൽ നാലിന് പണം നൽകിയെങ്കിലും ഒക്ടോബർ 12-നാണ് മെഷീൻ നൽകിയത്. നേരിട്ട് 14 ദിവസത്തെ പരിശീലനം ഉറപ്പ് നൽകിയിരുന്നെങ്കിലും ഫോൺ വഴിയായിരുന്നു പരിശീലനമെന്നും പരാതിയിൽ പറയുന്നു. വാഗ്ദാനം ചെയ്ത 2000 സമൂസകൾ ഉണ്ടാക്കാനായില്ലെന്നും 300 എണ്ണം ഉണ്ടാക്കിയപ്പോൾ തന്നെ മെഷീൻ കേടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അബ്ദുൾ സലീം ഉപഭോക്തൃ കമ്മീഷനം സമീപിച്ചത്.
സ്വകാര്യ കമ്പനി അനുചിതമായാണ് വ്യാപാരം നടത്തിയതെന്ന് കമ്മീഷൻ കണ്ടെത്തി. തുടർന്ന് മെഷീന്റെ വിലയായ 2,03,700 രൂപയും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും പരാതിക്കാരന് നൽകാൻ ഉത്തരവായി. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്തപക്ഷം 12 ശതമാനം പലിശയും നൽകണം.
Comments