ഹൈദരാബാദ്: തുടര്‍ച്ചയായ പരാജയത്തില്‍ നിന്ന് മുക്തനാകാന്‍ ജന്മദിനത്തില് പുതിയ ചിത്രം പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍ ചിരഞ്ജീവി.അടുത്തിടെ തിയേറ്ററിലെത്തിയ മെഗാസ്റ്റാറിന്റെ മിക്ക ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. ഇവയില്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫറും അജിത് ചിത്രം വേതാളം അടക്കമുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കുകളായിരുന്നു തിയേറ്ററില്‍ ഫ്ളോപ്പായവ.
അടുത്തിടെ പുറത്തിറങ്ങിയ ഭോല ശങ്കര്‍, വാള്‍ട്ടര്‍ വീരയ്യ, ഗോഡ് ഫാദര്‍, ആചാര്യ എന്നിവയാണ് തിയേറ്ററില്‍ അമ്പേ പരാജയപ്പെട്ട ചിരഞ്ജീവി ചിത്രങ്ങള്‍. റീമേക്ക് ചിത്രങ്ങളിലെ പ്രകടനത്തിന് ആരാധകരടക്കം വലിയരീതിയില്‍ പരിഹാസം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം പുതിയ ചിത്രം പ്രഖ്യാപിച്ചത്. പുതിയ ചിത്രത്തിന് ടൈറ്റില്‍ നല്‍കിയിട്ടില്ല. മെഗാ 157 എന്നാണ് താല്കാലികമായ പേര്.
വസിഷ്ഠയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ‘മെഗാ മാസ് ബീയോണ്ട് യൂണിവേഴ്സ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പഞ്ചഭൂതങ്ങളെ പ്രത്യേക രീതിയില്‍ ക്രമീകരിച്ചാണ് ടൈറ്റില്‍ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വി.വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി, വിക്രം റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ‘മെഗാ157’ എന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നാണ് വിവരം.
Comments