ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. 2023 ജൂലൈ 14 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട ചന്ദ്രയാൻ -3 ഇന്ന് ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തും. ഈ ചരിത്ര ദൗത്യത്തിന്റെ വിജയത്തിൽ രാജ്യം മുഴുവൻ പ്രതീക്ഷയിലാണ്, ഇതോടൊപ്പം, ഈ ദൗത്യത്തിന്റെ വിജയം ചന്ദ്രയാൻ -3 ൽ തങ്ങളുടെ പങ്ക് വഹിക്കുന്ന ഇന്ത്യൻ ബഹിരാകാശ മേഖലയിലെ കമ്പനികൾക്ക് നാഴികക്കല്ലായി മാറും.
രാജ്യത്തെ എല്ലാ വൻകിട കമ്പനികളും ചന്ദ്രയാൻ -3 വിക്ഷേപണത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. റോക്കറ്റ് എഞ്ചിനുകളും ത്രസ്റ്ററുകളും മുതൽ മറ്റ് ഘടകങ്ങൾ വരെ ഈ കമ്പനികൾ നിർമ്മിച്ചു. ഗോദ്റെജ് എയ്റോസ്പേസ്, ടാറ്റ സ്റ്റീൽ, എൽ ആൻഡ് ടി, ഭെൽ എന്നിവയും മറ്റ് കമ്പനികളും ഇതിൽ ഉൾപ്പെടുന്നു. ബഹിരാകാശ മേഖലയിലെ സേവനങ്ങളുടെ കാര്യത്തിൽ, ഇന്ത്യ നിലവിൽ അഞ്ചാം സ്ഥാനത്താണ്, ചന്ദ്രയാൻ -3 ന്റെ വിജയം ഈ റാങ്കിംഗിലും സ്വാധീനം ചെലുത്തും.
എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോയുടെ എയ്റോസ്പേസ് യൂണിറ്റ് ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിക്ഷേപണ വാഹനത്തിന് ആവശ്യമായ ഘടകങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ ബൂസ്റ്റർ സെഗ്മെന്റ് ഈ കമ്പനിയാണ് തയ്യാറാക്കിയത്. ഹെഡ് എൻഡ് സെഗ്മെന്റ്, മിഡിൽ സെഗ്മെന്റ്, നോസൽ ബക്കറ്റ് ഫ്ലേഞ്ച് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ചന്ദ്രയാൻ ദൗത്യം ഇറങ്ങുന്നതിന് മുമ്പ് തന്നെ കമ്പനിയുടെ ഓഹരികളിൽ ശക്തമായ കുതിപ്പുണ്ടായി. ബുധനാഴ്ച ഷെയർ മാർക്കറ്റിലെ വ്യാപാരം അവസാനിക്കുമ്പോൾ കമ്പനിയുടെ ഓഹരി 1.47 ശതമാനം ഉയർന്ന് 2718.10 രൂപയിലെത്തി.
ടാറ്റ ഗ്രൂപ്പ് ചന്ദ്രയാൻ-3 ന്റെ വിജയകരമായ വിക്ഷേപണത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ആന്ധ്രാപ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിക്ഷേപണ വാഹനമായ എൽവിഎം3 എം4 (ഫാറ്റ് ബോയ്) കൂട്ടിച്ചേർക്കുന്നതിൽ ടാറ്റ സ്റ്റീൽ നിർമ്മിച്ച ക്രെയിൻ പ്രധാന പങ്ക് വഹിച്ചു. ബുധനാഴ്ച കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജംഷഡ്പൂരിലെ ടാറ്റ ഗ്രോത്ത് ഷോപ്പിൽ ടാറ്റ സ്റ്റീൽ ആണ് ഈ ക്രെയിൻ നിർമ്മിച്ചത്. മിഷൻ മൂണിന്റെ വിജയത്തിന് മുമ്പ് തന്നെ ടാറ്റ സ്റ്റീൽ ഓഹരികൾ 1.11 ശതമാനം ഉയർന്ന് 118.85 രൂപയിൽ ക്ലോസ് ചെയ്തു.
ചന്ദ്രയാൻ-3 ദൗത്യത്തിനായി ഭെൽ ബാറ്ററി ഐഎസ്ആർഒയ്ക്ക് നൽകിയിട്ടുണ്ട്. ബൈ-മെറ്റാലിക് അഡാപ്റ്ററുകളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ദൗത്യം വിജയിക്കുമെന്ന പ്രതീക്ഷയിൽ, ഈ സർക്കാർ കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ 5 ദിവസമായി കുതിച്ചുയരുകയാണ്.
ഗോദ്റെജ് എയ്റോസ്പേസ്, എഞ്ചിൻ, സിഇ20, സാറ്റലൈറ്റ് ത്രസ്റ്ററുകൾ എന്നിവ നിർമ്മിച്ചു. ഇതിനുപുറമെ, ദൗത്യത്തിന്റെ പ്രധാന ഘട്ടത്തിനായുള്ള എൽ 110 എഞ്ചിനും ഗോദ്റെജ് കമ്പനിയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചാന്ദ്ര ദൗത്യത്തിനായി ഐഎസ്ആർഒയ്ക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുടെ പട്ടികയിൽ അനന്ത് ടെക്നോളജീസ് ലിമിറ്റഡിന്റെ (എടിഎൽ) പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ എടിഎൽ കമ്പനി ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങൾ, ഉപഗ്രഹങ്ങൾ, ബഹിരാകാശ പേടകങ്ങൾ, ഗ്രൗണ്ട് സിസ്റ്റങ്ങൾ എന്നിവയ്ക്കായി വിവിധ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ സബ്സിസ്റ്റം എന്നിവ നിർമ്മിക്കാറുണ്ട്.
മിശ്ര ധാതു നിഗം ലിമിറ്റഡ് ചന്ദ്രയാൻ-3 ദൗത്യത്തിൽ ഉപയോഗിച്ച പല പ്രധാന വസ്തുക്കളും ഐഎസ്ആർഒയ്ക്ക് നൽകിയിട്ടുണ്ട്. കോബാൾഡ് ബേസ് അലോയ്സ്, നിക്കൽ ബേസ് അലോയ്സ്, ടൈറ്റാനിയം അലോയ്സ്, സ്പെഷ്യൽ സ്റ്റീൽസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിക്ഷേപണ വാഹനം തയ്യാറാക്കാൻ ഈ സാമഗ്രികൾ ഉപയോഗിച്ചിട്ടുണ്ട്
MTAR ടെക്നോളജീസ് ചന്ദ്രയാൻ -3 ദൗത്യത്തിൽ, എഞ്ചിനുകളും ബൂസ്റ്റർ പമ്പുകളും ഉൾപ്പെടെ നിരവധി പ്രധാന ഘടകങ്ങൾ നൽകിയിട്ടുണ്ട്. ഇത് കൂടാതെ അലോയ് സ്റ്റീൽ, സ്റ്റെയിൻലെസ് സ്റ്റീൽ ഫാസ്റ്റനറുകൾ, പ്രത്യേകം നിർമ്മിച്ച ടൈറ്റാനിയം ബോൾട്ടുകൾ എന്നിവയും ഈ കമ്പനി തയ്യാറാക്കിയിട്ടുണ്ട്.
സ്വകാര്യ മേഖല കമ്പനിയായ പാരസ് ഡിഫൻസ് & സ്പേസ് ടെക്നോളജീസ്, ഡിഫൻസ്, സ്പേസ് എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെയും സൊല്യൂഷനുകളുടെയും ഡിസൈൻ, ഡെവലപ്മെന്റ്, മാനുഫാക്ചറിംഗ്, ടെസ്റ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനിയാണ്. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പ്രധാന വിതരണക്കാരും ഈ കമ്പനിയാണ്. ബുധനാഴ്ച അതിന്റെ ഓഹരിയിലുണ്ടായ വർധന ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. വ്യാപാരം അവസാനിച്ചപ്പോൾ കമ്പനിയുടെ ഓഹരി വില 5.76 ശതമാനം ഉയർന്ന് 719.95 രൂപയിലെത്തി.
ചാന്ദ്ര ദൗത്യത്തിനായുള്ള ഇലക്ട്രിക്കൽ സംവിധാനങ്ങളും നിർണായക ഘടകങ്ങളും നിർമ്മിക്കുന്ന കമ്പനിയായ സെന്റം ഇലക്ട്രോണിക്സിന്റെ ഓഹരികളിലും വർധനവാണുള്ളത് . ബുധനാഴ്ച കമ്പനിയുടെ ഓഹരികൾ 14.51 ശതമാനം ഉയർന്ന് 1648 രൂപയിലെത്തി.
Comments