തിരുവനന്തപുരം: പേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഡിവൈഎഫ്ഐ നേതാവും തമ്മിലുള്ള തർക്കത്തിൽ പോലീസനെതിരെ നടപടിയുമായി സർക്കാർ. ഹെൽമെറ്റ് വെക്കാതെ വാഹനമോടിച്ച ഡിവെഎഫ്ഐ നേതാവിന് പിഴ ചുമത്തുകയും ഇതിൽ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറിയ ഡിവെഎഫ്ഐ പ്രവർത്തകരെ തടയുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെയാണ് സർക്കാർ സ്ഥലംമാറ്റിത്.
ഹെൽമെറ്റ് വെക്കാത്തതിന് ഡി വൈ എഫ് ഐ നേതാവിനെതിരെ പെറ്റി കേസ് എടുത്ത എസ്.ഐ.മാരായ എം.അഭിലാഷ്, എസ്.അസീം, പോലീസ് ഡ്രൈവര്‍ എം.മിഥുൻ എന്നിവരെയാണ് സ്ഥലംമാറ്റിയത്. എസ്ഐമാരെ ക്രമസമാധാനച്ചുമതലയിൽ നിന്നും ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആർ ക്യാംപിലേക്കും മാറ്റി കമ്മിഷണർ ഉത്തരവിട്ടു. സർക്കാരിന്റെ ഈ നടപടിയെ തുടർന്ന് പോലീസിനുള്ളിൽ അമർഷം ശക്തമാണ്. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎയുടെ സമ്മർദ്ദത്തിനു വഴങ്ങിയുള്ള നടപടിയാണ് വിമർശനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വാദം കേൾക്കാതെ സിപിഎം നേതാക്കളുടെ നിർദ്ദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നാണ് പോലീസിനുള്ളിലെ ആക്ഷേപം.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നർകോട്ടിക് അസി.കമ്മിഷണർ ബാലകൃഷ്ണനാണ് അന്വേഷണച്ചുമതല. വാഹനപരിശോധനയ്ക്കിടയിൽ ഡിവൈഎഫ്ഐ നേതാവിനെ അസഭ്യം വിളിച്ച് മർദ്ദിച്ചെന്നും ഇതു ചോദിക്കാനെത്തിയ സിപിഎം നേതാക്കളെ അടിച്ചോടിച്ചെന്നുമാണ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന പരാതി. മേൽനടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ എസ്ഐമാർ ക്രൈംബ്രാഞ്ചിൽ തുടരണമെന്നാണ് നിർദ്ദേശം. പോലീസ് സ്റ്റേഷനിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ഇന്നോ നാളെയോ പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ട് 4.30-നായിരുന്നു സംഭവം. തിരുവനന്തപുരം പുലയനാർ കോട്ടയിൽ വച്ചാണ് ഹെൽമറ്റ് വയ്ക്കാതിന് ഡിവെഎഫ്ഐ നേതാവ് നിഥിന് പിഴ ചുമത്തുന്നത്. ഇതാണ് തർക്കത്തിന്റെ തുടക്കം. ഡിവെഎഫ്ഐ ഭാരവാഹിയാണെന്നും അത്യാവശ്യത്തിന് ഇറങ്ങിയതാണെന്നും ആയിരുന്നു നിഥിന്റെ വാദം. എന്നാൽ പെറ്റി അടച്ചിട്ട് പോയാൽ മതിയെന്നും ബ്ലോക്ക് സെക്രട്ടറിക്കെന്താ നിയമം ബാധകമല്ലേയെന്ന് ഉദ്യോഗസ്ഥരും ചോദിച്ചു. തുടർന്ന് നിതിൻ ഇവരോട് തട്ടിക്കയറി. ഇതോടെ പോലീസ് പരിശോധന മതിയാക്കി മടങ്ങി.
ഇതിനു പിന്നാലെ പേട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി. എസ്.ഐ.മാര്‍ അസഭ്യം പറഞ്ഞെന്നായിരുന്നു നിഥിന്റെ പരാതി. ഇത് വീണ്ടും വാക്കേറ്റമുണ്ടാക്കാൻ കാരണമായി. സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ തർക്കമായി. ഒടുവിൽ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഇതിനിടെയാണ് നിഥിന് ലാത്തിയടിയേറ്റത്.ധാരാളം സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടി. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എയും രാത്രി എട്ടോടെ സ്ഥലത്ത് എത്തി. ഡി.വൈ.എഫ്.ഐ.ക്കാർക്ക് പെറ്റി അടിച്ച അതേ പോലീസ് ഉദ്യോഗസ്ഥർ മര്‍ദ്ദിച്ചെന്നും ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുക്കാതെ മടങ്ങില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ എത്തി ഉറപ്പുനല്‍കിയില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്നും പറഞ്ഞ വി.ജോയി സ്റ്റേഷന് മുന്നില്‍ നിലയുറപ്പിച്ചു.
തുടർന്ന് സംഭവമറിഞ്ഞ് എട്ടരയോടെയാണ് ഡി.സി.പി. വി.അജിത് സ്ഥലത്തെത്തിയത്. എന്നാൽ എം.എല്‍.എ.യും പ്രവര്‍ത്തകരുമായി സ്റ്റേഷനുള്ളില്‍ ചര്‍ച്ച നടത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ. നേതാക്കൾ വീണ്ടും എസ്.ഐ.മാരെ ഭീഷണിപ്പെടുത്തി. അവർ പ്രതികരിച്ചപ്പോൾ പ്രവര്‍ത്തകര്‍ വീണ്ടും സ്റ്റേഷന് മുന്നിലേക്ക് തള്ളിക്കയറി ബഹളംവെച്ചു.
സ്റ്റേഷനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് ഡിവെഎഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ വാക്കു തർക്കത്തിനും കാരണമായി. നിയമ പാലിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കാതെ പിന്മാറില്ലെന്ന് പറഞ്ഞ വി.ജോയി പോലീസുകാരോട് പലവട്ടം കയര്‍ത്തു സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഹെൽമെറ്റ് വെക്കാത്തതിന് ഡി വൈ എഫ് ഐ നേതാവിനെതിരെ പെറ്റി കേസ് എടുത്ത എസ്.ഐ.മാരായ അഭിലാഷ്, അസീം എന്നിവരെ തള്ളിപ്പറയാൻ പോലീസ് അധികൃതർ തീരുമാനിച്ചു.
ഇവരെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിനിർത്താമെന്ന് ഉറപ്പുനല്‍കിയാണ് സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജു സിപിഎമ്മുകാരെ അനുനയിപ്പിച്ചത്. പോലീസ് ഡ്രൈവര്‍ മിഥുനെയും ചുമതലയില്‍ നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു.
Comments