വീട്ടിൽ 5ജി വേണ്ടവർക്കായി ടെലികോം രംഗത്തെ വമ്പന്മാർ പുത്തൻ ഉപകരണം പുറത്തിറക്കാൻ പദ്ധതിയിടുന്നു. റിലയൻസ് ജിയോ, ഫിക്‌സഡ് വയർലെസ് ആക്സസ് (എഫ്ഡബ്ല്യുഎ) ഡിവൈസ് ആയ ജിയോഎയർഫൈബർ വിപണി വിലയെക്കാൾ 20 ശതമാനം ഡിസ്‌കൗണ്ടിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. നടക്കാനിരിക്കുന്ന റിലയൻസ് വാർഷിക ജനറൽ മീറ്റിങ്ങിൽ ഉപകരണം അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
1.5 ജിഗാബൈറ്റ് വേഗത്തില് വീടുകളിൽ ഇന്റർനെറ്റ് എത്തിക്കുകയാണ് ജിയോഫൈബറിന്റെ ലക്ഷ്യം. അതിവേഗ 5ജിയുടെ വേഗം മൊബൈൽ ഉടമകൾക്കും വീട്ടിലുള്ള എല്ലാവർക്കും ആസ്വാദിക്കാനാകും. എയർഫൈബർ നെറ്റ്വർക്കിന്റെ ശക്തി പോർട്ടബിൾ റൂട്ടറുകളേക്കാൾ വളരെ ശക്തമായിരിക്കും. കൂടാതെ എയർഫൈബറിന്റെ ഡിവൈസ് വീട്ടിലെ ഒരു 5ജി ഹോട്ട്‌സ്‌പോട്ട് കേന്ദ്രമായി മാറും. എയർഫൈബർ ഉപയോഗിച്ച്, വീടോ ഓഫീസോ ഗിഗാബിറ്റ് സ്പീഡ് ഇന്റർനെറ്റിലേക്ക് വേഗത്തിൽ ബന്ധിപ്പിക്കാം. ഒരു ആപ്പ് വഴി ഇത് മാനേജ് ചെയ്യാനും സാധിക്കും. വെബ്സൈറ്റുകളോ ഉപകരണങ്ങളോ ബ്ലോക്ക് ചെയ്യാൻ ആപ്പ് രക്ഷിതാക്കളെ അനുവദിക്കും.
വീടുകളിലേക്ക് മിന്നൽ വേഗത്തിൽ ജിയോ എയർഫൈബർ എത്തുന്നതോടെ ബ്രോഡ്ബാൻഡ് സേവന രംഗത്ത് അടിമുടി പൊളിച്ചെഴുത്ത് ഉണ്ടാകുമെന്നുറപ്പാണ്. വയർഡ് കണക്ഷനില്ലാതെ തന്നെ ഫൈബർ പോലെയുള്ള വേഗതയാണ് ജിയോ എയർഫൈബർ വാഗ്ദാനം ചെയ്യുന്നത്. പ്ലഗ് ഇൻ ചെയ്യുക, ഓണാക്കുക, ഡാറ്റ ആസ്വദിച്ച് തുടങ്ങുക എന്നവിധത്തിൽ ലളിതവും ശക്തവുമാണ് ജിയോ എയർഫൈബർ എന്നാണ് കമ്പനി പറയുന്നത്.
ജിയോ എയർഫൈബറിൽ ഉപയോക്താക്കൾ പുതിയ 5ജി സിം ഇൻസ്റ്റാൾ ചെയ്യണം, മറ്റേതൊരു ജിയോ ഫൈബർ സേവനത്തെയും പോലെയാണ്, ജിയോ എയർഫൈബറും. എന്നാൽ വേഗത മറ്റുള്ളവയിൽനിന്ന് വളരെ കൂടുതൽ ആയിരിക്കും എന്നുമാത്രം. വയർലെസ് ജിയോ എയർഫൈബർ ഡിവൈസ് എവിടേക്കും എളുപ്പത്തിൽ മാറ്റാൻ കഴിയും എന്നതാണ് ഉപയോക്താവിനുണ്ടാകുന്ന മറ്റൊരു സൗകര്യം. ‘വയർലെസ്’ സംവിധാനം ആയതിനാൽ പരമ്പരാഗത റൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി ജിയോ എയർഫൈബർ റൂട്ടർ സജ്ജീകരിക്കുന്നതിന് ഉപയോക്താക്കൾക്ക് സാങ്കേതിക വിദഗ്‌ദ്ധന്റെ ആവശ്യമില്ല. ഒറ്റ നിലയിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വൈഫൈ കണക്റ്റിവിറ്റി നൽകാൻ ജിയോ എയർഫൈബറിന് കഴിയും.
കഴിഞ്ഞ വർഷത്തെ വാർഷിക യോഗത്തിലാണ് ജിയോഫൈബർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. തുടർന്ന് 20 ശതമാനം കിഴിവോടെയാകും ഉപകരണം ഈ വർഷം അവതരിപ്പിക്കുക. പോർട്ടബിൾ റൂട്ടറുകളേക്കാൾ വളരെ ശക്തമായിരിക്കും ജിയോയുടെ ഈ ഡിവൈസ്. ജിയോ എഫ്ഡബ്ലുഎ ഡിവൈസ് കാരിയർ അഗ്രഗേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുക. അത് വ്യത്യസ്ത 5ജി എയർവേവുകൾ ഉപയോഗിച്ച് ഡേറ്റാ പാത്ത്വേ സൃഷ്ടിച്ചാകും ഇതിന്റെ പ്രവർത്തനം. വ്യത്യസ്ത 5ജി എയർവേവുകൾ ജിയോ എയർഫൈബർ ഉപയോഗിക്കും. സ്‌പെക്ട്രം ലേലത്തിൽ 700 MHz, 3300 MHz, 26GHz. 26 GHz ബാൻഡുകൾ ജിയോ സ്വന്തമാക്കിയിരുന്നു. അടുത്തിടെ ഭാരതി എയർടെല്ലും എക്‌സ്ട്രീം എയർഫൈബർ ഉപകരണം വിപണിയിൽ അവതരിപ്പിച്ചിരുന്നു.
Comments