കോഴിക്കോട്: പി.വി. അൻവറിന്റെ പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയതിനെതിരെ കേരള നദി സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി നൽകിയതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ ഹർജി നൽകുക.
കോഴിക്കോട് കക്കാടംപൊയിലിലെ പി.വി.ആർ. നാച്ചുറോ പാർക്കിലെ കുട്ടികളുടെ പാർക്ക് തുറന്ന് പ്രവർത്തിപ്പിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനെതിരെയാണ് നദി സംരക്ഷണ സമിതി കോടതിയെ സമീപിക്കുന്നത്.
അതേസമയം പാർക്കിലെ അപകട സാധ്യത പരിശോധന നടത്താൻ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ ലാബിനെ ഏൽപ്പിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഉത്തരവ് പ്രകാരം അൻവറിന്റെ പാർക്കിൽ അപകട സാധ്യതയെ കുറിച്ച് പരിശോധന നടത്തേണ്ടത് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ കോഴിക്കോട്ടെ മാറ്റർ മെറ്റീരിയൽ ടെസ്റ്റിംങ് ആൻഡ് റിസർച്ച് ലബോറട്ടിയാണ്. പരിശോധന നടത്താൻ പര്യാപ്തമായ സർക്കാർ സംവിധാനങ്ങൾ തന്നെയുള്ളപ്പോൾ മാറ്റർ ലാബിനെ ചുമതലപ്പടുത്തുന്നത് പി.വി. അൻവറിന് അനുകൂലമായ റിപ്പോർട്ട് നൽകിക്കാൻ വേണ്ടിയാണെന്നാണ് ആരോപണം.
Comments